കോണ്‍സ്റ്റബിള്‍ പരീക്ഷ; റദ്ദാക്കിയത് 2,32,000 ഹാള്‍ടിക്കറ്റുകള്‍

Wednesday 25 April 2018 4:18 am IST

തിരുവനന്തപുരം:  സിവില്‍ പോലീസ് ഓഫീസര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ ഹാള്‍ടിക്കറ്റുകള്‍ പിഎസ്‌സി റദ്ദാക്കി. മെയ് 26ന് നടക്കുന്ന പരീക്ഷയ്ക്ക് 2,32,000 ഉദ്യോഗാര്‍ത്ഥികളാണ് ഇതിനകം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തത്. ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റര്‍ നമ്പറും തരപ്പെടുത്തുന്നതിനായി ഒരുമിച്ച് ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ വാര്‍ത്തസമ്മേളനത്തില്‍  പറഞ്ഞു.

 6,60,000 പേരാണ് സിവില്‍ പോലീസ് ഓഫിസര്‍, വനിത സിവില്‍ പോലീസ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച ആദ്യ ദിവസം തന്നെ രണ്ടുലക്ഷത്തോളം പേര്‍ ജനറേറ്റ് ചെയ്തു. തട്ടിപ്പ് നടക്കുന്നു വെന്നത് ബോധ്യപ്പെട്ട തിങ്കളാഴ്ച ജനറേറ്റ് ചെയ്യല്‍ നടപടി പിഎസ്‌സി നിര്‍ത്തിയിരുന്നു.

  കണ്‍ഫര്‍മേഷന്‍ നടപ്പിലാക്കുന്നതോട ലക്ഷക്കണക്കിന് രൂപ പിഎസ്‌സിക്ക് ലാഭിക്കാനാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഗാര്‍ഡനര്‍ പരീക്ഷയില്‍ 5,40,000 പേര്‍ അപേക്ഷിച്ചെങ്കിലും പരീക്ഷണാഅടിസ്ഥാനത്തില്‍ കണ്‍ഫര്‍മേഷന്‍ നടപ്പിലാക്കിയതോടെ പരീക്ഷ എഴുതുന്നവരുടെ എണ്ണം 2,40,000 ആയി മാറി. പരീക്ഷാ കലണ്ടര്‍ പ്രഖ്യാപിച്ചാല്‍ ഇരുപത് ദിവസത്തിനകം കണ്‍ഫര്‍മേഷന്‍ നല്‍കണം. അടുത്ത ഇരുപത് ദിവസം പിഎസ്‌സി പരിശോധനകള്‍ നടക്കും. 41-ാം ദിവസം മുതല്‍ പരീക്ഷാ ദിവസം വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാം. എന്നാല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്താലും പരീക്ഷ എഴുതിയില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും  ചെയര്‍മാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.