സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് യാക്കോബായ വിഭാഗം

Wednesday 25 April 2018 4:24 am IST

കൊച്ചി: ആത്മീയ കാര്യങ്ങളില്‍ കോടതിവിധി പരിഹാരമല്ലെന്ന് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത. പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വിധിന്യായങ്ങളില്‍ ശരിയും തെറ്റും വന്നേക്കാം. നിലവിലെ വിധിയില്‍ ദു: ഖമുണ്ട്. വിശ്വാസികള്‍ ആശങ്കയിലാണ്.  ജനഹിതം പരിശോധിച്ച് തീരുമാനമെടുക്കുകയാണ് ചെയ്യേണ്ടത്. കോടതിവിധിയെത്തുടര്‍ന്ന് പള്ളികളില്‍ നിന്നും ഇറങ്ങിപ്പോകില്ല. 

ആരാധനാസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതാണ്. കോടതി വിധിയിലൂടെ ഇത് നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

കോടതിവിധി യാക്കോബായ സഭയെ ഉന്മൂലനം ചെയ്യുന്നതാണ്. കേസില്‍ കക്ഷിയല്ലാത്ത പള്ളികളുടെ അവകാശവാദത്തെ വിധി ബാധിച്ചിരിക്കുകയാണ്. പിറവം പള്ളിയിലെ അഞ്ഞൂറോളം വരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് 20,000 ത്തോളം വരുന്ന യാക്കോബായ വിഭാഗത്തിന്റെ പള്ളി വിട്ടുകൊടുക്കേണ്ടിവരുന്നത് അംഗീകരിക്കാനാകില്ല. യാക്കോബായ വിഭാഗം ആരാധന നടത്താന്‍ പള്ളി ഇല്ലാതെ വരുകയാണ് ഈ ഉത്തരവിലൂടെയെന്നും മെത്രോപ്പോലീത്ത പറഞ്ഞു. വിശദമായി ചര്‍ച്ച ചെയ്ത് വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോടതി വിധിക്കെതിരെ ഇനി അപ്പീലിന് പോകാന്‍ അവസരമുണ്ടെങ്കിലും വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ തന്നെയാണ് റിവ്യൂ ഹര്‍ജിയും കേള്‍ക്കുന്നത്. അതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിക്കുള്ള സാധ്യത എത്രത്തോളമാണെന്ന് അറിയില്ലെന്ന് ലീഗല്‍ സെല്‍ മേധാവി ബിജു വര്‍ഗീസ് പറഞ്ഞു. യാക്കോബായ സഭയുടെ അഭിഭാഷകനെ കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപണമുന്നയിച്ച ജഡ്ജിതന്നെയാണ് ഈ വിധിയും പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ ഡോ. ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, കെ. യു. ബേബി കിഴക്കേക്കര എന്നിവരും പങ്കെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.