ദുഃഖിതര്‍ക്ക് സഹായം നല്‍കുന്നവരാണ് യഥാര്‍ത്ഥ ഈശ്വരപ്രേമി: അമ്മ

Wednesday 25 April 2018 4:29 am IST
"ബ്രഹ്മസ്ഥാനം സ്മരണിക സിനിമാതാരം ജയസൂര്യ എ. ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു"

കൊച്ചി: ഈശ്വരപ്രേമവും ലോകത്തോടുള്ള കാരുണ്യവും രണ്ടല്ലെന്ന് മാതാ അമൃതാനന്ദമയീ ദേവി. ഒന്നിന്റെ തന്നെ രണ്ടുമുഖങ്ങളാണ് ഇവ. ദുഃഖിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നവരാണ് യഥാര്‍ത്ഥ ഈശ്വരപ്രേമിയെന്നും അമ്മ പറഞ്ഞു. ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവ വാര്‍ഷികോത്സവത്തിനോടനുബന്ധിച്ചു നടന്ന സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.

ഓരോരുത്തരുടെയും കര്‍മഫലമാണ് സന്തോഷവും ദുഃഖവും തീരുമാനിക്കുന്നത്. ഭൗതിക ജീവിതം മലകയറ്റം പോലെയാണ്. കര്‍മത്തിന്റെ ഫലം മാത്രമേ നമ്മള്‍ അനുഭവിക്കുകയുള്ളു. എല്ലാ മാനുഷിക ബന്ധങ്ങളും ശിഥിലമാകുന്ന കാലഘട്ടമാണിത്. കുടുംബബന്ധങ്ങളും അധ്യാപക-വിദ്യാര്‍ത്ഥി ബന്ധവും അയല്‍വാസികള്‍ തമ്മിലുള്ള ബന്ധവും എല്ലാ ശിഥിലമാകുന്നു. ഈ ദുരിതാവസ്ഥയെ മാറ്റിയെടുക്കാനുള്ള ഒരേയൊരു പരിഹാരം സ്‌നേഹവും കാരുണ്യവുമാണെന്നും അമ്മ പറഞ്ഞു.

അമ്മയെ ദര്‍ശിക്കാന്‍ സമാപനദിവസമായ ഇന്നലെയും വന്‍ തിരക്കായിരുന്നു. ചലച്ചിത്രതാരം ജയസൂര്യ വിശിഷ്ടാതിഥിയായി. കൊച്ചി മേയര്‍  സൗമിനി ജെയിന്‍  അമ്മയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. അമൃതവര്‍ഷിണി 2018 സ്മരണിക, അമ്മയുടെ കൈയില്‍ നിന്നും ഏറ്റുവാങ്ങി ജയസൂര്യ, സീമ ജാഗരണ്‍ മഞ്ച്  നാഷണല്‍ ഓര്‍ഗനൈസര്‍ എ, ഗോപാലകൃഷ്ണന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. 

പ്രകൃതിസംരക്ഷണത്തിനായി  മാതാ  അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'നാല്‍പ്പാമരം നാടിനു നന്മരം'  പദ്ധതിയുടെ ജില്ലാതല  ഉത്ഘാടനവും ചടങ്ങില്‍ നടന്നു.

ധനലക്ഷ്മി ബാങ്ക് മേഖല മേധാവി രാജേഷ് പുരുഷോത്തമന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ബ്രഹ്മസ്ഥാന സമിതിക്കു വേണ്ടി പ്രദീപ് ഗംഗാധരന്‍, ജഡ്ജസ് ആന്‍ഡ് ഐഎഎസ് പാനലിസ്റ്റ് വിജയ് മേനോന്‍, വേണുഗോപാല്‍ സി. ഗോവിന്ദ്  തുടങ്ങിയവര്‍ പങ്കെടുത്തു. മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയുടെ നേതൃത്വത്തിലായിരുന്നു രണ്ടുദിവസത്തെ അമൃതോത്സവം.

ഉത്സവത്തിന്റെ ഭാഗമായി അമ്മയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകളും ധ്യാനപരിശീലനവും നടന്നു. വിപുലമായ സുരക്ഷാസന്നാഹങ്ങളാണ് അമ്മയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. ഒരുമാസത്തെ ഭാരതപര്യടനത്തിനു ശേഷം അമ്മ അമൃതപുരിയിലേക്ക് മടങ്ങി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.