പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

Wednesday 25 April 2018 4:33 am IST
റിമാന്‍ഡിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായിരുന്ന ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍ എന്നിവരെ ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി അജിത് എന്നിവര്‍ തിരിച്ചറിഞ്ഞു. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് മഫ്തി വേഷത്തിലെത്തി പിടിച്ചു കൊണ്ടുപോയത് ഇവരാണെന്ന് സാക്ഷികള്‍ കൂടിയായ അഖിലയും ശ്യാമളയും വ്യക്തമാക്കി.

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസില്‍ പ്രതികളായ പോലീസുകാരെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. ശ്രീജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും  ഉള്‍പ്പടെയുള്ളവരാണ് കാക്കനാട് ജില്ലാ ജയിലിലെത്തി പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്നലെ ആലുവ മജിസ്‌ട്രേറ്റ് റെനോ ഫ്രാന്‍സിസ് സേവ്യറിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. 

റിമാന്‍ഡിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായിരുന്ന ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍ എന്നിവരെ ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി അജിത് എന്നിവര്‍ തിരിച്ചറിഞ്ഞു.  ശ്രീജിത്തിനെ വീട്ടില്‍ നിന്ന് മഫ്തി വേഷത്തിലെത്തി പിടിച്ചു കൊണ്ടുപോയത് ഇവരാണെന്ന് സാക്ഷികള്‍ കൂടിയായ അഖിലയും ശ്യാമളയും വ്യക്തമാക്കി. പതിനേഴു പേരെയാണ് പരേഡില്‍ പങ്കെടുപ്പിച്ചതെന്നും ഇതില്‍ നിന്നാണ് പ്രതികള്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞതെന്നും അഖില മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ആലുവ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

തിരിച്ചറിയല്‍ പരേഡ് ഒരുമണിക്കൂര്‍ നീണ്ടു. കേസിലുള്‍പ്പെട്ട മൂന്ന് പോലീസുകാരെയും എസ്‌ഐ ദീപക്കിനെയും വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിനെക്കുറിച്ചും ശരീരത്തിലെ ക്ഷതങ്ങളെക്കുറിച്ചും പരിശോധിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. വയറ്റിലേറ്റ മര്‍ദ്ദനമാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം കേസില്‍ സിബിഐ അന്വേഷണം തേടി ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസുകാര്‍ പ്രതികളായ കേസില്‍ പോലീസുകാര്‍തന്നെ അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഇരുപത്തിയേഴിന് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.