വിജ്ഞാപനം അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റുകള്‍, വീണ്ടും പ്രതിസന്ധി

Wednesday 25 April 2018 5:48 am IST
നാളുകള്‍ നീണ്ട നഴ്‌സുമാരുടെ സമരത്തെ ഇത്രകാലം അവഗണിച്ച സര്‍ക്കാര്‍ ചെങ്ങന്നൂര്‍ നിയമസഭാതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു വിജ്ഞാപനത്തിന് നിര്‍ബന്ധിതരായത്. നഴ്‌സുമാര്‍ ചേര്‍ത്തലയില്‍ നിന്ന് ഇന്നലെ ലോങ് മാര്‍ച്ച് ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞരാത്രി മിനിമം ശമ്പളം ഇരുപതിനായിരമാക്കി ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: നഴ്‌സുമാരുള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് മിനിമം ശമ്പളം പ്രഖ്യാപിച്ചുള്ള വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. വിജ്ഞാപനം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്. മാത്രമല്ല അന്തിമ വിജ്ഞാപനത്തിന്, മുന്‍പ് പറഞ്ഞ വ്യവസ്ഥകളില്‍ നിന്ന് കാര്യമായ വ്യത്യാസവുമുണ്ട്. ഇതില്‍ നഴ്സുമാര്‍ക്കും അതൃപ്തിയുണ്ട്.

നാളുകള്‍ നീണ്ട നഴ്‌സുമാരുടെ സമരത്തെ ഇത്രകാലം അവഗണിച്ച സര്‍ക്കാര്‍ ചെങ്ങന്നൂര്‍ നിയമസഭാതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു വിജ്ഞാപനത്തിന് നിര്‍ബന്ധിതരായത്. നഴ്‌സുമാര്‍ ചേര്‍ത്തലയില്‍ നിന്ന് ഇന്നലെ ലോങ് മാര്‍ച്ച് ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞരാത്രി മിനിമം ശമ്പളം ഇരുപതിനായിരമാക്കി ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. അലവന്‍സ് സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. അനിശ്ചിതകാലസമരം പിന്‍വലിച്ച നഴ്‌സുമാരുടെ സംഘടന നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി. അതിനിടെയാണ് മിനിമം ശമ്പളം 20,000 ആക്കിയത് അംഗീകരിക്കില്ലെന്ന വാദവുമായി സ്വകാര്യ മാനേജ്‌മെന്റുകള്‍ രംഗത്തുവന്നത്. 

സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയാല്‍ മിനിമം ശമ്പളം കിട്ടാന്‍ ജീവനക്കാര്‍ കാത്തിരിക്കേണ്ടിവരും. സ്വകാര്യ മാനേജ്‌മെന്റുകളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അത് സര്‍ക്കാരിന്റെ മുന്നിലേക്ക് വന്നാലേ ഇടപെടാന്‍ സാധിക്കുകയുള്ളൂ എന്ന സമീപനമാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നത് നടപ്പാക്കാനാണെന്ന് മന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും വ്യക്തതയില്ല.

നഴ്‌സുമാരുടെ പ്രതിഷേധത്തിന്റെ മുനയൊടിക്കുകയും അതേസമയം മാനേജ്‌മെന്റുകളുടെ പിടിവാശിയോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുക എന്ന നയമാണ് സര്‍ക്കാരിന്റേത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.