ഹിന്ദു പെണ്‍കുട്ടിയെ തട്ടിയെടുത്ത് മദ്രസ്സയില്‍ പീഡിപ്പിച്ചു; പ്രതിഷേധം വ്യാപിക്കുന്നു

Thursday 26 April 2018 2:50 am IST

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്രസ്സയിലിട്ട് പീഡിപ്പിച്ചു. പതിനേഴ് വയസ്സുകാരനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് ദല്‍ഹി ഇന്ത്യാ ഗേറ്റിലടക്കം പ്രതിഷേധങ്ങള്‍ നടന്നു. 

 ഈസ്റ്റ് ദല്‍ഹി ഖാസിപൂരിലുള്ള പതിനൊന്നുകാരിയെയാണ് കിലോമീറ്ററുകള്‍ അകലെയുള്ള സാഹിബാബാദിലെ മദ്രസ്സയിലെത്തിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദല്‍ഹി പോലീസിന്റെ സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. മറ്റ് പെണ്‍കുട്ടികളോ സ്ത്രീകളോ മദ്രസ്സയില്‍ ഉണ്ടായിരുന്നില്ല. ഈ മാസം 21 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് അച്ഛന്‍ പറഞ്ഞു. പ്രതി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിക്ക് നേരത്തെ പരിചയമുണ്ട്. 

പോക്‌സോ നിയമപ്രകാരമാണ് പതിനേഴുവയസുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദമായ അന്വേഷണത്തിനായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കൈവശം സൂക്ഷിച്ചിരുന്ന ഫോണിന്റെ സഹായാത്താലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

 സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ദിവസങ്ങളോളം മദ്രസ്സയില്‍ തടവിലാക്കി പീഡിപ്പിച്ചതില്‍ മൗലവിക്ക് പങ്കുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മൗലവിയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധം നടന്നു. ജമ്മു കഠ്വയിലെ  പീഡനത്തില്‍ വര്‍ഗ്ഗീയ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്സും ഇടത് സംഘടനകളും മദ്രസ്സയിലെ പീഡനത്തില്‍ പ്രതികരിച്ചിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.