ന്യൂദല്‍ഹി: കോടിക്കണക്കിനാളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി കോടിക്കണക്കിനാളുകളുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തി പ്രത്യേക പ്രോഗ്രാം തയാറാക്കിയിരുന്നു. അത് വിവാദമായപ്പോള്‍ ഈ സംഭവത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്കിന് നോട്ടീസ് അയച്ചിരുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ നീക്കത്തില്‍ അഞ്ചു ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്ന്നിട്ടുണ്ടാകാമെന്ന് ഈ നോട്ടീസിനുള്ള മറുപടിയില്‍ ഫേസ്ബുക് പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ വീണ്ടും നോട്ടീസ് അയച്ചത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നു വിശദീകരിക്കണമെന്നാണ് രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ മെയ് പത്തിനു മുമ്പ് വിശദീകരണം നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: