വനിതാകമ്മീഷന്റെ ചുവപ്പ് രാഷ്ട്രീയം വിവാദമാകുന്നു

Thursday 26 April 2018 3:07 am IST

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍   രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആരോപിക്കുമ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.സി. ജോസഫൈന്‍ തുടരുന്നത് ചോദ്യം ചെയ്യപ്പെടുന്നു. 

കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ത്രീകളുടെ സംരക്ഷണവും നീതിയും ഉറപ്പാക്കേണ്ട സംസ്ഥാന വനിതാകമ്മീഷനെ രാഷ്ട്രീയ വേദിയാക്കുന്ന സിപിഎമ്മാണ് മനുഷ്യവകാശ കമ്മീഷനെ വിമര്‍ശിക്കുന്നത്. സംസ്ഥാന ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തതും വീണ്ടും കേന്ദ്രകമ്മറ്റി അംഗമായതും കമ്മീഷന്‍ പ്രവര്‍ത്തനത്തെ രാഷ്ട്രീയവത്കരിക്കാനാണെന്ന  ആരോപണം ഉയരുന്നു.

സുഗതകുമാരി, ജസ്റ്റിസ് ശ്രീദേവി എന്നിവര്‍ക്ക് ശേഷം മുന്‍ മന്ത്രി എം. കമലം അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. വസ്തുനിഷ്ഠമായി പ്രവര്‍ ത്തിക്കുക എന്ന ധാര്‍മ്മികതയുടെ പേരിലായിരുന്നു രാജി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്സില്‍ നിന്നുള്ള കെ.സി. റോസക്കുട്ടി ചുമതല ഏല്‍ക്കുന്നത് എഐസിസി, കെപിസിസി അംഗത്വം രാജിെവച്ചതിന് ശേഷമാണ്. 

പിണറായി സര്‍ക്കാര്‍ 2017 ലാണ് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ എം.സി. ജോസഫൈനെ അദ്ധ്യക്ഷയാക്കിയത്. കമ്മീഷന്‍ അധ്യക്ഷയായിരിക്കെ തന്നെ ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ഹൈദരാബാദില്‍ നടന്ന  പാര്‍ട്ടികോണ്‍ഗ്രസ്സിലും പങ്കെടുത്ത് തന്റെ രാഷ്ട്രീയം വ്യക്തമാക്കി. ഇതാണ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. പിണറായി സര്‍ക്കാരിനും സിപിഎം പ്രവര്‍ത്തകര്‍ക്കും എതിരായ സംഭവങ്ങളില്‍ കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മതംമാറ്റത്തിന് വിധേയയായ അഖില വീട്ടുതടങ്കലിലാണെന്ന് പറഞ്ഞ ജോസഫൈന്‍ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ കുടുംബത്തെ ഇതുവരെയും  സന്ദര്‍ശിച്ചിട്ടില്ല. 

കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ഭാര്യയുടെയും അമ്മയുടെയും ആവശ്യംപോലും ചെവികൊണ്ടിട്ടില്ല. കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ വിഷയത്തിലും വനിതാ കമ്മീഷന് മൗനമാണ്. ഡിജിപി ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി എന്ന് ലിഗയുടെ കുടുംബം പരസ്യമായി പറഞ്ഞിട്ടുപോലും കമ്മീഷന്‍ ഇടപെട്ടിട്ടില്ല. സിപിഎം ആക്രമണങ്ങള്‍ക്ക് ഇരയായ നിരവധി സ്ത്രീകളുടെയും അമ്മമാരുടെയും പരാതികള്‍ കമ്മീഷനില്‍ കെട്ടികിടക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അധ്യക്ഷയുടെ രാഷ്ട്രീയ ഭാരവാഹിത്വം വിവാദമാകുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.