വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Thursday 26 April 2018 3:10 am IST

വൈദിക വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്, വൈദികമായ ചട്ടക്കൂടിനുള്ളില്‍ത്തന്നെയാണ്, ഉപനിഷത്തുകളിലെ ചിന്തകളും രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് മേല്‍ കൊടുത്ത വിവരണങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ.   ബ്രാഹ്മണവൃത്തിക്കു തന്നെയാണ് ആ മൂന്നിലും പ്രാധാന്യം നല്‍കിക്കാണുന്നതും. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ നാലു വര്‍ണ്ണങ്ങളില്‍ ആദ്യത്തെ മൂന്നു വര്‍ണ്ണങ്ങള്‍ക്കും അവയില്‍  വെച്ച് ബ്രാഹ്മണനും ആണ് പ്രാധാന്യം എന്നു വ്യക്തമാണ്. 

രമണീയ കര്‍മ്മങ്ങള്‍ (സത്കര്‍മ്മങ്ങള്‍) അനുഷ്ഠിച്ചാല്‍ ത്രൈവര്‍ണ്ണിക (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വര്‍ണ്ണങ്ങള്‍) യോനിയിലും കപൂയ കര്‍മ്മങ്ങള്‍ (ദുഷ്‌കര്‍മ്മങ്ങള്‍) ചെയ്തവര്‍ ശ്വ, സൂകര, ചണ്ഡാലയോനികളിലും പുനര്‍ജനിക്കും എന്ന ഛാന്ദോഗ്യോപനിഷത്തിലെ പരാമര്‍ശം നാം കണ്ടു. ബ്രാഹ്മണന്‍ വൈദികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് നേടിയ സ്വര്‍ഗാദിലോകങ്ങളെ പരീക്ഷിച്ചിട്ട് അവ അനിത്യഫലങ്ങളെ മാത്രം തരുന്നവയാണെന്നു തിരിച്ചറിഞ്ഞ് വൈരാഗ്യത്തെ സമ്പാദിക്കണം. ബ്രഹ്മത്തെ അറിയാന്‍ അയാള്‍ ചമത കൈയ്യില്‍ പിടിച്ചുകൊണ്ട് വേദജ്ഞനും ബ്രഹ്മനിഷ്ഠനും ആയ ഗുരുവിനെ നേരിട്ട് സമീപിക്കണം എന്ന മുണ്ഡകോപനിഷത്തിലെ നിര്‍ദ്ദേശവും ശ്രദ്ധിക്കുക. (മുണ്ഡകം 1, ഖണ്ഡം 2, ശ്‌ളോകം 12).

സുരേന്ദ്രനാഥ് ദാസ്ഗുപ്ത ശ്രദ്ധേയമായ ഒരു കല്‍പനാവ്യതിയാനത്തെ ചൂണ്ടിക്കാണിക്കുന്നു- വൈദികകര്‍മ്മകാണ്ഡത്തില്‍ വിശ്വകര്‍മ്മാവ്, പ്രജാപതി മുതലായ ദേവതാസങ്കല്‍പ്പങ്ങളെയാണ് പ്രപഞ്ചസൃഷ്ടികര്‍ത്താക്കളായി കല്‍പ്പിക്കുന്നത് എന്നും നാം കണ്ടു. ഈ ദേവതകള്‍ പ്രപഞ്ചത്തിനു വെളിയില്‍ നിലക്കൊണ്ട് സൃഷ്ടി നടത്തുന്നു എന്നാണ് സങ്കല്‍പ്പിക്കുന്നത്. ചിന്തയുടെ ഈ വഴി, ക്രമേണ (പില്‍ക്കാല സെമിറ്റിക്ക് മതങ്ങളെപ്പോലെ), സ്വാഭാവികമായും, ഒരു ഏക ദൈവവാദത്തില്‍ എത്തിനില്‍ക്കേണ്ടതായിരുന്നു.  

എന്നാല്‍ ഉപനിഷത്തിലാകട്ടെ ഇത്തരത്തില്‍ പ്രപഞ്ചബാഹ്യനായ ഒരു സൃഷ്ടികര്‍ത്താവിലല്ല ഊന്നല്‍ നല്‍കിക്കാണുന്നത്. നേരേ മറിച്ച് ആത്മാവ് എന്ന സത്തയ്ക്കാണ്. മൗലികസത്ത, ആത്യന്തികയാഥാര്‍ത്ഥ്യം, അങ്ങു മുകളില്‍ നിലകൊണ്ട് സൃഷ്ടിക്കുകയും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ലോകത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു ദേവതയല്ല, ആത്മാവാണ് എന്നതാണ് ഉപനിഷത്തിന്റെ കണ്ടെത്തല്‍. മറ്റെല്ലാം അതിന്റെ വികാരങ്ങള്‍, ഉത്പ്പന്നങ്ങള്‍, മാത്രമാണ് എന്നതാണ് ഉപനിഷത്തിന്റെ ഉറച്ച നിലപാട്.

കാഴ്ച്ചപ്പാടിലുണ്ടായ അടിസ്ഥാനപരമായ ഈ മാറ്റം, ഈ വ്യതിയാനം (പാരഡിം ഷിഫ്റ്റ്), എങ്ങനെ സംഭവിച്ചു? ബ്രാഹ്മണചിന്തകരുടെ ഇടയില്‍നിന്നുമല്ല ഈ ബ്രഹ്മവാദം ഉയിര്‍ക്കൊണ്ടത്, മറിച്ച് ക്ഷത്രിയരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ എന്നാണ് ഗാര്‍ബേ എന്ന വിദേശപണ്ഡിതന്‍ സമര്‍ത്ഥിക്കുന്നത്. അങ്ങിനെ ആണെങ്കില്‍ വേദം, ബ്രാഹ്മണം, ആരണ്യകം എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത തരത്തില്‍ ഉപനിഷത്ത് വികസിക്കേണ്ടതായിരുന്നു എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ദാസ്ഗുപ്ത ഈ നിലപാടിനെ നിരാകരിക്കുന്നു. 

  ബൃഹദാരണ്യകത്തിലും ഛാന്ദോഗ്യത്തിലും കാണപ്പെടുന്ന മൂന്ന് ആഖ്യാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഗാര്‍ബേ തന്റെ നിലപാടിനെ സാധൂകരിക്കുന്നത്. ബാലാകി ഗാര്‍ഗ്ഗ്യനും അജാതശത്രുവും തമ്മിലുള്ള സംവാദം (ബൃ. 2. 1), ശ്വേതകേതു- പ്രവഹണജാബാലിസംവാദം (ബൃ. 7. 2, ഛാ. 5. 3), ആരുണി- അശ്വപതി കൈകേയ സംവാദം (ഛാ. 5. 11) എന്നിവയാണവ.

ആദ്യത്തെ കഥയില്‍ അഹങ്കാരം നശിച്ചപ്പോള്‍ ബാലാകി എന്ന ബ്രാഹ്മണന്‍ ക്ഷത്രിയനായ അജാതശത്രുവിനോട്  ബ്രഹ്മോപദേശം നല്‍കാന്‍ അപേക്ഷിക്കുന്നു. അപ്പോള്‍ ക്ഷത്രിയന്‍ ബ്രാഹ്മണനു ബ്രഹ്മോപദേശം നല്‍കുന്നത് ക്രമവിരുദ്ധമാണെന്നു പറയുന്നു. അതായത് ബ്രഹ്മവിദ്യ ഉപദേശിക്കേണ്ടത് ബ്രാഹ്മണന്‍ തന്നെ ആണെന്നു വ്യക്തം. കഥയുടെ ആരംഭത്തില്‍ എല്ലാവരും ബ്രഹ്മവിദ്യ നേടാന്‍ ജനകരാജാവിന്റെ അടുത്തേക്കാണ് പോകുന്നത്. അതിനാല്‍ ശരിയായ ബ്രഹ്മജ്ഞാനം നല്‍കിയാല്‍ ആയിരം പൊന്‍നാണയങ്ങള്‍ ദക്ഷിണയായി നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നുമുണ്ട്.

 രണ്ടാമത്തെ കഥയില്‍ പുനര്‍ജന്മ•സിദ്ധാന്തവുമായി ബന്ധപ്പെട്ട പിതൃയാനം, ദേവയാനം തുടങ്ങിയവ ക്ഷത്രിയരുടെ സംഭാവന ആകാമെന്ന് പ്രവാഹണജാബാലി ഏറെക്കുറെ വ്യക്തമായി സമ്മതിക്കുന്നുണ്ട്. പക്ഷേ, ആ വിഷയം ആത്മാവ് ബ്രഹ്മമാണെന്ന പരമജ്ഞാനത്തിന്റെ ഉറവിടം തേടുമ്പോള്‍ പ്രസക്തമല്ല എന്നാണ് ദാസ്ഗുപ്തയുടെ അഭിപ്രായം. മൂന്നാമത്തെ കഥയില്‍ അഞ്ചു ബ്രാഹ്മണര്‍ ആത്മാവ്, ബ്രഹ്മം എന്നിവയെപ്പറ്റി അറിയാന്‍ ആരുണിയുടെ അടുത്തു ചെല്ലുന്നു. അവയെപ്പറ്റി കാര്യമായി അറിവില്ലാത്തതിനാല്‍ ആരുണി മറ്റവരുടെ കൂടെ അശ്വപതി കൈകേയന്‍ എന്ന രാജാവിനെ സമീപിക്കുന്നു. രാജാവാകട്ടെ ബ്രഹ്മവിദ്യയ്ക്കു പകരം വൈശ്വാനരാഗ്നിയുമായി ബന്ധപ്പെട്ട യാഗകര്‍മ്മങ്ങള്‍ ആണ് പറഞ്ഞുകൊടുക്കുന്നത്.

അതായത് ബ്രാഹ്മണര്‍ തന്നെയാണ് ബ്രഹ്മവിദ്യയുടെ ഉപജ്ഞാതാക്കള്‍. ഏതാനും ക്ഷത്രിയരും സ്ത്രീകളും ഈ വിദ്യ നേടുന്നതില്‍ ഉത്സുകരായിരുന്നു. അവര്‍ക്ക് ഈ വിദ്യ ഉപദേശിക്കുവാന്‍ ബ്രാഹ്മണര്‍ ഒരുക്കവുമായിരുന്നു. ആണ്‍പെണ്‍ഭേദമോ വര്‍ണ്ണഭേദമോ അതിനു തടസ്സമല്ലായിരുന്നു. ചില ക്ഷത്രിയര്‍ ബ്രാഹ്മണര്‍ക്ക് ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകാം. പക്ഷേ അവ കേവലം അപവാദങ്ങള്‍ മാത്രമാണ്. ഗാര്‍ബേയും കൂട്ടരും അവരുടെ ബ്രാഹ്മണവിരോധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്- ദാസ്ഗുപ്ത വ്യക്തമാക്കുന്നു.

ഛാന്ദോഗ്യോപനിഷത്തിലെ നാലാം അദ്ധ്യായത്തിലെ നാലാം ഖണ്ഡത്തിലെ സത്യകാമജാബാലി എന്ന ബാലകന്റെ കഥയും ഇതാണല്ലോ വ്യക്തമാക്കുന്നത്. സത്യകാമന്‍ ബ്രഹ്മവിദ്യോപദേശം ആഗ്രഹിച്ച് ഗൗതമ ഋഷിയുടെ സമീപം ചെല്ലുന്നു. അമ്മയോടു ചോദിച്ച് ഗോത്രം ഏതെന്ന് അറിഞ്ഞുവരാന്‍ ആ ബാലനോട് ഋഷി പറയുന്നു. പല വീടുകളിലും പരിചാരിണി ആയി ജോലിനോക്കി ജീവിച്ചു വരവേയാണ് അവനുണ്ടായതെന്നും അതിനാല്‍ പിതാവാരെന്നോ പിതൃഗോത്രം ഏതെന്നോ കൃത്യമായി അറിയില്ല എന്നും ജാബാലി എന്ന സത്യകാമന്റെ അമ്മ പറഞ്ഞ മറുപടി അങ്ങനെത്തന്നെ സത്യകാമന്‍ ഗൗതമ ഋഷിയോട് പറയുന്നു. ആ ബാലകന്റെ സത്യനിഷ്ഠ കണ്ട ഗൗതമന്‍ അയാള്‍ക്കു ബ്രാഹ്മണ്യം ഉണ്ട്, ഉപദേശത്തിനര്‍ഹനാണ് എന്ന നിഗമനത്തിലെത്തുന്നു. ഉപനയിച്ച് ബ്രഹ്മവിദ്യ ഉപദേശിക്കുന്നു. ഇവിടെ പിതാവാര്, അമ്മ ആര് എന്നൊന്നും പരിഗണിക്കാതെ, സത്യകാമനില്‍ തെളിഞ്ഞു കാണുന്ന ബ്രാഹ്മണ്യം എന്ന ഗുണത്തെ, സംസ്‌കാരത്തെ ആണ്, ഋഷി പരിഗണിച്ചത്. 

(തുടരും)നാളെ: വൈദികത്തിന്റെ അടിയൊഴുക്കുകള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.