അധ്യാത്മമായ ഉപാസന

Thursday 26 April 2018 3:38 am IST

ഛാന്ദോഗ്യോപനിഷത്ത്-6

ഖണ്ഡം 6 

ഉദ്ഗീഥത്തിന്റെ മറ്റൊരു അം ഉപാസന. പൃഥിവി ഋക്കും അഗ്‌നി സാമവുമാണ്. സാമം ഋക്കിന് മുകളില്‍ നിലകൊള്ളുന്നു. സാമം അതിനാല്‍ ഋക്കിനു മേലെ ഗാനം ചെയ്യുന്നു. പൃഥിവി 'സാ' എന്ന അക്ഷരവും അഗ്‌നി 'അമ' എന്ന അക്ഷരവുമാണ്. പൃഥിവിയും അഗ്‌നിയും ചേര്‍ന്നാല്‍ സാമമായി.

അന്തരീക്ഷം ഋക്കും വായു സാമവുമാണ്. സാമം ഋക്കിനും മേലെ ആയതിനാല്‍ അന്നത്തെ തന്നെ ഗാനം ചെയ്യുന്നു. അന്തരീക്ഷം 'സാ' എന്ന അക്ഷരവും വായു 'അമ' എന്ന അക്ഷരവുമാകുന്നു. അന്തരീക്ഷവും വായുവും ചേര്‍ന്നത് സാമം. ദ്യോവ് ഋക്കും ആദിത്യന്‍ സാമവുമാണ്. ദ്യോവ് 'സാ' എന്നതും ആദിത്യന്‍ 'അമ' എന്നതുമാകുന്നു. രണ്ടും ചേര്‍ന്നാല്‍ സാമം. നക്ഷത്രങ്ങള്‍ ഋക്കും ചന്ദ്രന്‍ സാമവുമാണ്. നക്ഷത്രങ്ങള്‍ 'സാ' എന്നതും ചന്ദ്രന്‍ 'അമ' എന്ന അക്ഷരവുമാണ്. നക്ഷത്രങ്ങളും ചന്ദ്രനും ചേര്‍ന്നാല്‍ സാമം. ആദിത്യന്റെ ശുക്ലവര്‍ണ്ണശോഭ  ഋക്കും നീലനിറമുള്ള കറുപ്പ് സാമവുമാണ്. സാമം ഋക്കിനുമേലെ ഗാനം ചെയ്യുന്നു. സൂര്യ ശുക്ലവര്‍ണ്ണം 'സാ'യും നീല അഥവാ കറുപ്പ് 'അമ'യുമാണ്. രണ്ടും ചേര്‍ന്നാല്‍ സാമം. സൂര്യമണ്ഡലത്തിനുള്ളില്‍ സ്വര്‍ണ്ണംപോലെ പ്രകാശിക്കുന്ന താടി രോമങ്ങളും മുടിയുമുള്ള സ്വര്‍ണ്ണമയനായ പുരുഷന്‍ നക്ഷത്രത്തിന്റെ അഗ്രംവരെ സ്വര്‍ണ്ണപ്രകാശത്തോടുകൂടിയവനാണ്.

ആദിത്യനിലെ പുരുഷനെന്ന് പറയുന്നത് പരമാത്മാവിനെയാണ്. ബുദ്ധി ഗുഹയില്‍ കുടികൊള്ളുന്നവനും സര്‍വ്വവ്യാപിയുമായ ആത്മാവിനെയാണ് ആദിത്യനിലും കാണുന്നത്. ഉപാസനക്ക് സഹായകമാകുവാന്‍ വേണ്ടിയാണ് ആദിത്യനിലെ പുരുഷനെപ്പറ്റി പറയുന്നത്. ചുവന്ന താമരപ്പൂപോലെയുള്ള കണ്ണുകളാണ് ഈ പുരുഷന്. എല്ലാ പാപങ്ങളില്‍നിന്നും ഉയര്‍ന്ന പുരുഷനെ ഉപാസിക്കുന്നവരും പാപങ്ങളെ മറികടക്കും. ഋക്കും സാമവും ആ ദേവന്റെ അംഗസന്ധികളാണ്. അതിനാല്‍ ആ ദേവന്‍ ഉദ്ഗീഥമാണ്. ഈ ദേവനെ ഉത് എന്ന പേരില്‍ ഗാനം ചെയ്യുന്നയാള്‍ ഉദ്ഗാതാവാകുന്നു. ഉത് എന്ന പേരുള്ള ഈ ദേവന്‍ ആദിത്യന് മുകളിലുള്ള ലോകങ്ങളേയും ദേവന്‍മാരുടെ ആഗ്രഹങ്ങളേയും നിയന്ത്രിക്കുന്നു. ഇത് ദേവതാ വിഷയമായ ഉപാസനമാണ്.

ഖണ്ഡം-7

ഇനി അധ്യാത്മമായ ഉപാസനയാണ്. വാക് ഋക്കും പ്രാണന്‍ സാമവുമാണ്. സാമം ഋക്കിന് മുകളിലാണ് എന്നതിനാല്‍ ഋക്കിനുമേലെ സാമഗാനം ചെയ്യുന്നു. വാക്ക് 'സാ' എന്ന അക്ഷരവും പ്രാണന്‍ 'അമ' എന്ന അക്ഷരവുമാണ്. വാക്കും പ്രാണനും ചേര്‍ന്നാല്‍ സാമം ആകുന്നു. ശരീര സംബന്ധിയായ ഉപാസനയാണ് ഇത്. പ്രാണന്‍ എന്ന് ഇവിടെ പറഞ്ഞത് ഘ്രാണേന്ദ്രിയത്തിലെ വായുവിനെയാണ്. കണ്ണ് ഋക്കാണ്. കണ്ണില്‍ പ്രതിഫലിക്കുന്ന ആത്മാവ് സാമം. സാമം ഋക്കില്‍ ഇരിക്കുന്നു. അതിനാല്‍ ഋക്കിനു മേലെ സാമം ഗാനം ചെയ്യുന്നു. കണ്ണ് 'സാ' എന്നതും ആത്മാവ് 'അമ'യും ആണ്. രണ്ടും ചേര്‍ന്നാല്‍ സാമം. ശ്രോത്രം ഋക്കാണ്. മനസ്സ് സാമം. സാമം ഋക്കിന് മേലെയായതിനാല്‍ സാമം ഗാനം ചെയ്യുന്നതും അങ്ങനെയാണ്. ശ്രോത്രം 'സാ'യും മനസ്സ് 'അമ'യും ആണ്. രണ്ടും ചേര്‍ന്നാല്‍ സാമം.

ശ്രോത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിനാല്‍ നിയന്ത്രിക്കപ്പെടുന്നതുകൊണ്ടാണ് മനസ്സ് ശ്രോത്രത്തിന് മുകളിലാണെന്ന് പറഞ്ഞത്. കണ്ണിലെ വെളുത്ത ശോഭ ഋക്കും നീലവര്‍ണ്ണമായ വലിയ കറുപ്പ് സാമവുമാണ്. സാമം ഋക്കിന് മേലെയായതിനാല്‍ മുകൡലായി സാമഗാനം ചെയ്യുന്നു. കണ്ണിന്റെ വെളുത്ത ശോഭ 'സാ' എന്ന അക്ഷരവും നീലയായ വലിയ കറുപ്പ് 'അമ' എന്നും ആകുന്നു. രണ്ടും ചേര്‍ന്നാല്‍ സാമംതന്നെ. കണ്ണിന്റെ ഉള്ളില്‍ കാണുന്ന ആ പുരുഷന്‍തന്നെയാണ് ഋക്കും സാമവും ഉക്ഥവും യജുസ്സും വേദങ്ങളും. ആദിത്യനിലെ പുരുഷന്‍തന്നെയാണ് കണ്ണിലേയും പുരുഷന്‍. ആ പുരുഷന്റെ അംഗസന്ധികളും പേരും തന്നെയാണ് ഈ പുരുഷനും. രണ്ടും ഒന്നാണ്. അവിടെ ദൈവവും ആധ്യാത്മവുമായ ഉപാസനകളെ ഒന്നാക്കണം. ഇവിടെ ഋക്ക് എന്നത് ശാസ്ത്രമെന്ന സ്തുതികളാണ്. സാമം ഗാനരൂപത്തിലുള്ള മന്ത്രങ്ങളാണ്. ശാസ്ത്രവിഭാഗമാണ് ഉക്ഥം. ഇവയല്ലാതെ സ്വാഹം, സ്വാധാ, വഷട് എന്നിവയില്‍ അവസാനിക്കുന്ന മന്ത്രങ്ങള്‍ യജുസ്സ്. കണ്ണിലെ ആ പുരുഷന്‍ സര്‍വ്വാത്മകനും സര്‍വ്വയോനിയുമായതിനാല്‍ ഋക്ക് തുടങ്ങിയവയെല്ലാം അദ്ദേഹംതന്നെ. ആദിത്യപുരുഷനേയും കണ്ണിലെ പുരുഷനേയും ഒന്നെന്ന് കരുതി ഉപാസിക്കണം. ഉദ്ഗീഥവും പരമാത്മാവും പ്രത്യാഗത്മാവും ഒന്നാണെന്ന് മനസ്സിലാക്കണം.

കണ്ണില്‍ കുടികൊള്ളുന്ന ചാക്ഷുഷ പുരുഷന്‍ അതിനു കീഴിലെ എല്ലാ ലോകങ്ങള്‍ക്കും മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്കും ഈശ്വരനാണ്. അതിനാല്‍ വീണാഗാനം ചെയ്യുന്ന ഗായകര്‍ ഇവനെത്തന്നെ ഗാനം ചെയ്യുന്നു. ഈശ്വരഗാനത്താല്‍ അവര്‍ ധനവാന്മാരാകുന്നു. ഇപ്രകാരം ഉദ്ഗീഥദേവതയെ അറിഞ്ഞ് സാമം ഗാനം ചെയ്യുന്നവന്‍ ആദിത്യപുരുഷനേയും ചാക്ഷുഷ പുരുഷനേയും ഗാനം ചെയ്യുന്നു. അയാള്‍ ആദിത്യനകത്തെ ദേവനായിത്തീര്‍ന്ന് ആദിത്യനു മേലെയുള്ള ലോകങ്ങളേയും ദേവന്മാരുടെ കാമനകളേയും നേടുന്നു. അതുപോലെ ചാക്ഷുഷ പുരുഷനില്‍ക്കൂടി ആ ദേവനായിത്തീര്‍ന്ന് അതിന് കീഴെയുള്ള ലോകങ്ങളേയും മനുഷ്യകാമങ്ങളേയും നേടുന്നു.

സാമഗാനം ചെയ്യുന്ന പുരോഹിതന്‍ ഇതിനെ അറിയുന്നതിനാല്‍ 'നിന്റെ എന്ത് ആഗ്രഹം സാധിക്കാനാണ് ഞാന്‍ സാമഗാനം ചെയ്യേണ്ടത്' എന്ന് ചോദിക്കണം. ഇങ്ങനെ അറിഞ്ഞ് സാമഗാനം ചെയ്യുന്ന ഉദ്ഗാതാവിനേ ഉദ്ഗാനംകൊണ്ട് നേട്ടമുണ്ടാക്കുവാനാകൂ, കാമത്തെ നേടാനാകുകയുള്ളൂ.

 9495746977

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.