കേരളം രാജ്യത്തിന്റെ മാനംകെടുത്തി

Thursday 26 April 2018 3:46 am IST

അതിഥികളെ ദേവന്മാരായി കാണുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭരണമേതായാലും ആ സങ്കല്പത്തിന് അധികം കോട്ടമൊന്നും ഉണ്ടാകാറില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പലപ്പോഴും സംസ്‌കാരത്തിന് ഭംഗം വരാറുണ്ട്. വിദേശ വനിതകളെ കളിയാക്കാനും ചിലപ്പോള്‍ കൈകാര്യം ചെയ്യാന്‍ പോലും തയ്യാറായ ചരിത്രമുണ്ട്. അതെല്ലാം പിന്‍തള്ളി, കൊലപ്പെടുത്തുന്ന അവസ്ഥയില്‍ കേരളം എത്തിയിരിക്കുന്നു. ലാത്വിയ സ്വദേശി ലിഗയെ കാണാതായിട്ട് ഏതാണ്ട് ഒന്നരമാസമായി. വിഷാദരോഗത്തിനുള്ള ചികിത്സക്കാണ് അവര്‍ കേരളത്തിലെത്തിയത്. ഭര്‍ത്താവും സഹോദരിയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോവളത്ത് എത്തിയ അവരെ മാര്‍ച്ച് 14-നാണ് കാണാതായത്. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ജാഗ്രതാപൂര്‍ണമായ ഒരന്വേഷണവും നടന്നില്ല.  പോത്തന്‍കോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതായപ്പോഴാണ് വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ലിഗയെ കാണാനില്ലെന്ന വിവരം പോലും ഈ സ്റ്റേഷനുകളിലെത്തിയിരുന്നില്ല.

വിദേശികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ് കോവളം. അവിടെയെത്തുന്ന അതിഥികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കാന്‍ പോലീസിന് ബാധ്യതയുണ്ട്. പക്ഷേ കൈമലര്‍ത്തുകയാണ് പോലീസ് ചെയ്തത്. ഇതിനിടയില്‍ മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ ലിഗയുടെ സഹോദരി ആഗ്രഹിച്ചു. നിയമസഭാ മന്ദിരത്തിലെത്തി കാണാമെന്ന വിവരം ലഭിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താന്‍ അനുവാദം ലഭിച്ചില്ല. അവരുടെ മുന്നില്‍ക്കൂടി മുഖ്യമന്ത്രി സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ കാണാന്‍ വിസമ്മതിച്ചില്ലെന്നാണ് മുഖ്യമന്ത്രി ഒരുമാസത്തിനുശേഷം വിശദീകരിക്കുന്നത്. ഡിജിപിയെ കാണാന്‍ ചെന്നപ്പോഴും നിരാശയായിരുന്നു ഫലം. ആവലാതി കേട്ട് ആശ്വസിപ്പിക്കുന്നതിന് പകരം ശകാരമാണ് ലഭിച്ചതെന്ന പരാതിയും ലിഗയുടെ സഹോദരി പറയുന്നു. ഒരു മാസത്തോളം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടത്തിലും ലിഗയ്ക്കുവേണ്ടി ഭര്‍ത്താവും സഹോദരിയും അന്വേഷിച്ചു നടന്നതാണ്. ലിഗയുടെ ചിത്രം സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തു. ഒരു തുമ്പും കണ്ടെത്താനായില്ല.

ഒടുവില്‍ കഴിഞ്ഞദിവസം കോവളത്തിനടുത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണനിലയ്ക്ക് ഒരാള്‍ക്ക് പ്രത്യേകിച്ച് വിദേശവനിതയ്ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂ. സംഭവം ഏതായാലും ദുഃഖകരമാണ്. കേരളത്തിലെ ക്രമസമാധാനനില ആശ്വാസകരമല്ല. കസ്റ്റഡിമരണങ്ങള്‍ വര്‍ധിക്കുന്നു. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗിക്കുന്നു. വരാപ്പുഴയില്‍നിന്ന് അനുദിനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡനത്തിന്റെയും ക്രൂരതയുടെയും ഭയപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഇടപെട്ട് നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരുന്ന മനുഷ്യാവകാശ കമ്മീഷനെ വിരട്ടുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്. ഇതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന ആശ്വാസത്തിലിരിക്കാം. എന്നാല്‍ വിദേശ വനിതയുടെ ദുരൂഹമരണം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മാനക്കേടാണുണ്ടാക്കിയത്. കേരളത്തിലേക്ക് വരുന്ന വിദേശികള്‍ക്ക് ഭയപ്പാട് സൃഷ്ടിക്കുന്ന സംഭവത്തില്‍ തക്കസമയത്ത് ഇടപെടാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി മാപ്പുറയുകയാണ് വേണ്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.