രക്തംപുരണ്ട കൈപ്പത്തി കോണ്‍ഗ്രസ്സിനെ വിരട്ടുന്നു

Thursday 26 April 2018 3:50 am IST
ദളിത്-ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകരാണ് തങ്ങളെന്ന് പറഞ്ഞുഫലിപ്പിക്കാന്‍ പാടുപെടുന്ന രാഹുല്‍ഗാന്ധിക്കും സംഘത്തിനും സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ കനത്ത പ്രഹരമേല്‍പ്പിക്കും. നാക്കുപിഴയ്ക്കപ്പുറം വലിയ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഖുര്‍ഷിദ്.

മുസ്ലിംകളുടെ രക്തക്കറ പുരണ്ട കോണ്‍ഗ്രസ് പാര്‍ട്ടി! പതിറ്റാണ്ടുകള്‍ നിറഞ്ഞ കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്ലിംകളുടെ ചോരക്കറ തങ്ങളുടെ പാര്‍ട്ടിയുടെ കൈകളിലുണ്ടെന്ന് സമ്മതിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് ആണ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന പാര്‍ട്ടിയില്‍ വലിയ വിവാദമായി ഉയരുകയാണ്. രാജ്യത്തെ ദളിത്-ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകരാണ് തങ്ങളെന്ന് പറഞ്ഞുഫലിപ്പിക്കാന്‍ പാടുപെടുന്ന രാഹുല്‍ഗാന്ധിക്കും സംഘത്തിനും സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ കനത്ത പ്രഹരമേല്‍പ്പിക്കും. വെറുമൊരു നാക്കുപിഴയ്ക്കപ്പുറം വലിയ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഖുര്‍ഷിദ്. 

'ഞാന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഞങ്ങളുടെ കൈകളില്‍ മുസ്ലിംകളുടെ ചോര പുരണ്ടിട്ടുണ്ട്. അത്തരം തെറ്റുകള്‍ ചെയ്യുമെങ്കിലും ഞങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്'. ഇതായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന മുസ്ലിം കുട്ടക്കൊലകളെപ്പറ്റി ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു ഖുര്‍ഷിദിന്റെ കുറ്റസമ്മതം. ബാബറി മസ്ജിദ് സംഭവം മുതല്‍ മുസാഫര്‍നഗര്‍, മലിയാന, ഹാസിംപുര സംഘര്‍ഷങ്ങള്‍ വരെ അരങ്ങേറിയത് കോണ്‍ഗ്രസിന്റെ ഭരണകാലത്തായിരുന്നു എന്ന ചോദ്യകര്‍ത്താവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ന്യൂനപക്ഷ സംരക്ഷകരുടെ മുഖംമൂടി അണിഞ്ഞ് വോട്ടുതേടുന്ന രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമേറ്റ കനത്ത പ്രഹരമാണ്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന മുസാഫര്‍നഗര്‍ കലാപവും 1987ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നാല്‍പ്പതു മുസ്ലിംകള്‍ കൊല്ലപ്പെട്ട ഹാസിംപുര കലാപവും ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിന് യാതൊരു ന്യായീകരണവും നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ ഖുര്‍ഷിദിനായില്ല. 

സമാനമായ കുറ്റസമ്മത അവസ്ഥ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നിരുന്നു. രാജ്ഘട്ടില്‍ രാഹുല്‍ഗാന്ധി നടത്തിയ നിരാഹാര സമരവേദിയിലെ ജഗദീഷ് ടെയ്റ്റ്‌ലര്‍, സര്‍ജ്ജന്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വരെ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വേദി വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന ഇരു നേതാക്കളെയും ഏറെ പണിപ്പെട്ടാണ് വേദിയില്‍ നിന്ന് താഴെയിറക്കിയത്. ആയിരങ്ങള്‍ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപ കേസുകളിലെ കുറ്റവാളികളായ രണ്ടു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ഇനിയും കൈവിട്ടിട്ടില്ല എന്നതിന്റെ നേര്‍തെളിവു കൂടിയായി രാജ്ഘട്ട് സംഭവം. 

ഇത്രകാലം പാര്‍ലമെന്റംഗമായിരുന്നിട്ടും ആത്മവിശ്വാസത്തോടെ രണ്ടുമിനുറ്റ് തികച്ച് വിഷയാവതരണം നടത്താന്‍ സാധിക്കാത്ത  രാഹുല്‍ഗാന്ധിയുടെ മോദിക്കെതിരായ വെല്ലുവിളിയായിരുന്നു മറ്റൊരു സെല്‍ഫ് ഗോള്‍. പതിനഞ്ചു മിനുറ്റ് സംസാരിക്കാന്‍ അനുവദിച്ചാല്‍ താന്‍ മോദിയെ പരാജയപ്പെടുത്തുമെന്നായിരുന്നു രാഹുലിന്റെ വാദം. സാമൂഹ്യമാധ്യമങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും രാഹുലിന്റെ വാക്കുകളോട് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. ഇംപീച്ച്‌മെന്റിനെതിരായ കപില്‍ സിബലിന്റെ പഴയ പ്രസംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്‌മെന്റിന് ചുക്കാന്‍ പിടിക്കുന്ന കപില്‍ സിബലിനും കോണ്‍ഗ്രസിനും ഏറെ നാണക്കേടുണ്ടാക്കി. നിയമമന്ത്രി ആയിരിക്കെ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറയുന്നതിപ്രകാരമാണ്.

'ഒരു രാഷ്ട്രീയ പാര്‍ട്ടി വിചാരിച്ചാല്‍ അമ്പത് എംപിമാരുടെ ഒപ്പു സമ്പാദിക്കാന്‍ യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് തന്നെ അവര്‍ ഏതെങ്കിലും ഒരു ജഡ്ജിക്കെതിരെ നീക്കം നടത്തിയാല്‍ ഭരണകക്ഷി എന്ന നിലയില്‍ എതിര്‍ത്തേ പറ്റൂ. ഇംപീച്ച്‌മെന്റ് പ്രക്രിയയ്ക്ക് ഒരു സിസ്റ്റം ഉണ്ടാവേണ്ടതുണ്ട്. പിഴവുകള്‍ സംഭവിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഒരു സംവിധാനം ആവശ്യമാണ്. എന്നാല്‍ അത് ഇത്രപേരുടെ പിന്തുണയുമായി ഒപ്പുശേഖരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നീക്കമല്ല. അമ്പത് പ്രതിപക്ഷ എംപിമാര്‍ ഒപ്പുവെച്ചാല്‍ മാത്രം ആ ജഡ്ജി കുറ്റക്കാരനാവുന്നില്ല'. 

എന്നാല്‍ സമാനസാഹചര്യത്തില്‍ ഇന്ന് സിബല്‍ നടത്തുന്ന പ്രസ്താവനകളും നീക്കങ്ങളും എത്രത്തോളം വിരോധാഭാസം നിറഞ്ഞതാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും അവസരവാദപരമായ നിലപാടുകളാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.