സര്‍ക്കാര്‍ എല്ലാം ശരിയാക്കിക്കഴിഞ്ഞോ?

Thursday 26 April 2018 3:56 am IST

എല്ലാം ശരിയാക്കാമെന്നു വാക്കു പറഞ്ഞ് ഭരണത്തിലേറിയ ഇടതു സര്‍ക്കാര്‍ എന്തൊക്കെ ശരിയാക്കി? സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്ക്കു കടക്കാന്‍ ഒരുങ്ങുമ്പോള്‍ ജന്മഭൂമി നടത്തിയ അന്വേഷണത്തോടു പ്രമുഖരുടെ പ്രതികരണം. 

കുമ്മനം രാജശേഖരന്‍

അട്ടപ്പാടിയിലെ മധുവും റാന്നിയിലെ ബാലുവും വരാപ്പുഴയിലെ ശ്രീജിത്തും തിരുവല്ലത്ത് കൊല്ലപ്പെട്ട ലിഗയുമാണ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നേട്ടപ്പട്ടിക. നിരപരാധികളുടെ ജീവന് യാതൊരു വിലയുമില്ലാത്ത നാടായി ഇത് മാറിയിരിക്കുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത നാട്. ഇവിടെ ഒരു സര്‍ക്കാരുണ്ടോ എന്ന് പോലും സംശയമാണ്. 

പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തലാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ  ജോലി. സര്‍ക്കാരിന്റെ എല്ലാ മേഖലയിലും പാര്‍ട്ടിക്കാരുടെ കൊടിപിടുത്തവും ഗുണ്ടായിസവുമാണ് നടക്കുന്നത്. മുഖ്യമന്ത്രിയെക്കണ്ട് പോലീസും മര്യാദകേട് സ്വഭാവമാക്കിയിരിക്കുന്നു. പോലീസുകാരുടെ സമ്മേളനങ്ങള്‍ പോലും സിപിഎം പരിപാടിയാകുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് നാട്ടില്‍ സൃഷ്ടിച്ചിരിക്കുന്നത്.  ആള്‍ക്കൂട്ട കൊള്ളയും കൊലപാതകങ്ങളും കൊണ്ട് ലോകമലയാളികള്‍ പോലും തലകുനിക്കേണ്ട ഗതികേടിലാണ്. അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 

പി. രാജന്‍

സ്വാതന്ത്ര്യം കിട്ടിയ അന്നുതൊട്ട് കേട്ടുതുടങ്ങിയതാണ് ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണവും അവസാനിപ്പിക്കുമെന്നത്. ഇടതുമുന്നണിയുടെ അവസാനത്തെ പ്രകടനപത്രികയില്‍പ്പോലും പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ പൗരാവകാശരേഖ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വാസ്തവത്തില്‍ പ്രകടനപത്രികയില്‍ ഇങ്ങനെ പറയേണ്ട ആവശ്യം തന്നെയില്ല. കാരണം സുപ്രീംകോടതി ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ട് കാലമേറെയായി. അറസ്റ്റ് സംബന്ധിച്ച സകല വിവരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. പിടിക്കപ്പെടുന്ന പ്രതിയുടെ ബന്ധുവിന് രേഖാമൂലം വിവരം കൊടുക്കണമെന്നുണ്ട്. എന്നാല്‍ ഈ പ്രാഥമികമായ കാര്യങ്ങള്‍പോലും പോലീസുകാര്‍ പാലിക്കുന്നില്ല. 

കുറ്റാന്വേഷണവും ക്രമസമാധാന പാലനവും വേര്‍പെടുത്തി വ്യത്യസ്ത ഉദ്യോഗസ്ഥരുടെ കീഴിലാക്കുമെന്ന വാഗ്ദാനവും പത്രികയില്‍ ഉണ്ടായിരുന്നു. ഇതും നടപ്പാക്കിയിട്ടില്ല. 

ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വിശദീകരിച്ച് പറയേണ്ട ആവശ്യമില്ല. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി നിയമവിരുദ്ധമായി കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുള്ളത് തിരിച്ചുപിടിക്കുമെന്ന ഉറപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് പാലിക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.

സി.കെ. ജാനു

വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ ഭീകരമായി വേട്ടയാടിയ സര്‍ക്കാരാണിത്. ജനാധിപത്യ വ്യവസ്ഥയെ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കും. പാര്‍ട്ടി വളര്‍ത്താന്‍വേണ്ടി പാര്‍ട്ടികാര്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്ന ഭരണമായി ഇടത് സര്‍ക്കാര്‍ മാറി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മിച്ചഭൂമി സമരമെന്ന പേരില്‍ പാര്‍ട്ടി കുടില്‍കെട്ടി സമരം നടത്തിച്ച ആദിവാസികള്‍ക്ക് പോലും നീതി ലഭിച്ചിട്ടില്ല. ചോര്‍ന്നൊലിച്ച പ്ലാസ്റ്റിക് കൂടാരങ്ങളിലാണ് അവര്‍ കഴിയുന്നത്. വനസംരക്ഷണമെന്ന പേരില്‍ ആദിവാസികളെ കുടിയിറക്കി  ആ ഭൂമി റിസോര്‍ട്ട് മാഫിയകള്‍ക്ക് തീറെഴുതികൊടുക്കുന്നു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനില്ലെങ്കിലും സര്‍ക്കാര്‍ ഭൂമി മുതലാളിമാര്‍ക്ക് നിര്‍ലോഭം നല്‍കുകയാണ്. 

നീതി തേടി പോലീസ്റ്റേഷനില്‍ എത്തുന്നവരെ സര്‍ക്കാര്‍ മര്‍ദ്ദിച്ച് കൊല്ലുന്നു. പുറത്ത് സിപിഎമ്മുകാരുടെ മര്‍ദ്ദനത്തില്‍ ആദിവാസികളും പിന്നോക്കക്കാരും കൊല്ലപ്പെടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.