സിപിഐ പാർട്ടി കോൺഗ്രസിന് ഇന്നു തുടക്കം; മുഖ്യ അജണ്ട സംഘപരിവാർ വിരുദ്ധത

Thursday 26 April 2018 4:10 am IST

കൊല്ലം: സിപിഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തിരശ്ശീല ഉയര്‍ന്നത് സംഘപരിവാര്‍വിരുദ്ധ രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടാന്‍ മാത്രം. പത്തനാപുരത്തെ പ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ, ജില്ലാ സെക്രട്ടറി മുന്‍കൈയെടുത്ത് വയനാട്ടെ സര്‍ക്കാര്‍ഭൂമി വന്‍തോതില്‍ കച്ചവടം ചെയ്യുന്നതിന്റെ പുറത്തുവന്ന തെളിവുകള്‍, ഭൂമി നല്‍കാതെ വര്‍ഷങ്ങളായി അരിപ്പ സമരക്കാരെ വഞ്ചിക്കുന്ന സമീപനം തുടങ്ങി ഒട്ടേറെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി. 

മുമ്പെങ്ങുമില്ലാത്തവിധം സാംസ്‌കാരികമേളകള്‍ നടത്തുന്നത് പുകമറ സൃഷ്ടിക്കാനാണെന്ന് വ്യക്തം. സമ്മേളനദിനങ്ങളിലും മുന്നോടിയായും നടത്തുന്ന സാംസ്‌കാരികജാഥകള്‍, അനുസ്മരണസന്ധ്യ, പട്ടംപറത്തല്‍ മേള, നാടകചര്‍ച്ച, പുലികളി, നാടകാവതരണം, സിഡി പ്രകാശനങ്ങള്‍, കാവ്യസായാഹ്നം, സോപാനസംഗീതം, മണല്‍ശില്‍പ്പമൊരുക്കല്‍, ചരിത്രപ്രദര്‍ശനം, ഗാനമേള എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. അഞ്ചുദിവസത്തെ പാര്‍ട്ടികോണ്‍ഗ്രസിന് കൊല്ലം ആശ്രാമത്ത് ഇന്ന് തുടക്കമാകും.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ എങ്ങനെ അധികാരത്തില്‍ നിന്നു പുറത്താക്കാമെന്നതാണ് സിപിഎമ്മിനെ പോലെ സിപിഐയും ചര്‍ച്ച ചെയ്യുക. ഇതിന് വേദി ഒരുക്കല്‍മാത്രമാണ് ദേശീയസമ്മേളനം. വ്യര്‍ഥമായ ചര്‍ച്ചകള്‍ക്കപ്പുറം കോണ്‍ഗ്രസിന് എല്ലാ സഹായങ്ങളും ഒരുക്കിക്കൊടുക്കാന്‍ കൂടിയാകും ശ്രമം. ബിജെപിക്കെതിരെ മാവോയിസ്റ്റുകളുടെയും തീവ്ര ഇടത്-ഇസ്ലാമിക ചിന്താഗതിക്കാരുടെയുമെല്ലാം രാഷ്ട്രീയസഖ്യ രൂപീകരണത്തിന് സിപിഐ മുന്‍കൈയെടുക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. തീവ്രചിന്താഗതിക്കാര്‍ വഴിതെറ്റിയ സഹോദരന്മാരെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശം ആ അര്‍ഥത്തിലുള്ളതാണ്. ഇടതുപക്ഷത്തിന്റെ ആകെ തട്ടകം ഇപ്പോള്‍ കേരളം മാത്രമായി ഒതുങ്ങിയതിനാല്‍  സംസ്ഥാനത്തിന് പുറത്തുമാത്രമായിരിക്കും കോണ്‍ഗ്രസിനുള്ള പിന്തുണ. കേരളത്തിലെ കോണ്‍ഗ്രസ് സഖ്യം ആത്മഹത്യാപരമാകുമെന്ന തിരിച്ചറിവാണ് കാരണം.

 ഭരണസ്വാധീനത്തില്‍ സമ്മേളനം പരമാവധി കൊഴുപ്പിക്കാന്‍ കേരളമല്ലാതെ സിപിഐക്ക് മറ്റൊരു സംസ്ഥാനമില്ല. സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ സംസ്ഥാനനേതാക്കള്‍ക്ക് താത്പര്യമില്ല. സംസ്ഥാനസമ്മേളനങ്ങളില്‍ പോലും മന്ത്രിമാരുടെ പ്രകടനങ്ങളിലെ പരാജയങ്ങള്‍ വിഭാഗീയതയുടെ ഭാഗമായി ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം സമര്‍ഥമായി അടിച്ചമര്‍ത്തി. സിപിഎമ്മിന് അടിക്കാനുള്ള വടി കൊടുക്കരുതെന്ന മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശമാണ് ഇതിന് വഴിതെളിച്ചത്. നിലവില്‍ സിപിഐക്ക് കേരളത്തിലും ബംഗാളിലും മാത്രമേ സാന്നിധ്യമുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ ഒമ്പതര പതിറ്റാണ്ടായി പേരിന് മാത്രമാണ് പ്രവര്‍ത്തനം. കേരളത്തില്‍ നിന്നുള്ള സി.എന്‍. ജയദേവന്‍ മാത്രമാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുള്ളത്. കേരളത്തില്‍ 19 അംഗങ്ങള്‍ നിയമസഭയിലുള്ളപ്പോള്‍  ഒരാള്‍ മാത്രമാണ് പശ്ചിമബംഗാള്‍ നിയമസഭയില്‍. ഇന്ത്യയിലെ ഇടതുപക്ഷം ദുര്‍ബലപ്പെടുന്നത് വ്യക്തമായ നയവൈകല്യം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവച്ച് മറ്റുള്ളവരെ പഴിക്കുന്നതാണ് സിപിഐയുടെയും ലൈന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.