ചെറുകിട ഇടത്തരം കരാറുകാരെ സഹായിക്കാന്‍ ബാങ്കുകളുടെ കണ്‍സോഷ്യം രൂപീകരിക്കണമെന്ന്്

Wednesday 25 April 2018 9:25 pm IST

 

കണ്ണൂര്‍: കരാറുകാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാനും പലിശ ബാധ്യത ഇല്ലാതെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാനും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന നെല്ലിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കേരളത്തിലെ 15 ഷെഡ്യൂള്‍സ് ബാങ്കുകള്‍ തയ്യാറായിട്ടുണ്ട്. കരാറുകാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ബില്‍ ഡിസ്‌ക്കൗണ്ടിംഗ് പദ്ധതിയില്‍ സര്‍ക്കാര്‍ 50 ശതമാനം പലിശ ബാദ്ധ്യത മാത്രമേ ഏറ്റെടുക്കുന്നുള്ളു. നെല്ല് സംഭരണ രീതിയില്‍ കരാറുകാരുടെ ബില്‍ തുകകള്‍ ഉടന്‍തന്നെ ബാങ്കുകള്‍ നല്‍കുകയും സര്‍ക്കാര്‍ പലിശ സഹിതം ബാങ്കുകള്‍ക്ക് മടക്കി നല്‍കുകയും ചെയ്യണം. മാര്‍ച്ച് 31ന് ട്രഷറുകളില്‍ സമര്‍പ്പിക്കപ്പെട്ട് 540 കോടി രൂപയുടെ ബില്ലുകള്‍ ഇതുവരെയും കരാറുകാര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ട്രഷറി നടപടി ക്രമങ്ങളിലെ സങ്കീര്‍ണത മൂലം കരാറുകാര്‍ കടക്കെണിയില്‍ പെട്ടിരിക്കുകയാണ്. ഏപ്രില്‍ 30ന് മുമ്പ് കരാറുകാര്‍ക്ക് നല്‍കണം. 

 ചെറുകിട ഇടത്തരം കരാറുകാര്‍ക്ക് നാമമാത്ര ചെലവിലും ജിഎസ്ടി ആദായ നികുതി, റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ഇ ടെണ്ടര്‍ നല്‍കുന്നതിനും, പാന്‍കാര്‍ഡ് ഡിജിറ്റല്‍ സിഗ്നേച്ചര്‍, മണിട്രാന്‍സ്ഫര്‍ എന്നിവയ്ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള 20 കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിക്കും. ആദ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 2ന് കോട്ടയത്ത് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും. കണ്ണൂര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 24ന് നടക്കും. 

 കെജിസിഎ ജില്ല ജനറല്‍ ബോഡിയോഗം 26ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ റോയല്‍ ഒമാര്‍സില്‍ ചേരും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സി.രാജന്‍, കെ.എം.അജയകുമാര്‍, എം.ടി.മുഹമ്മദ് കുഞ്ഞി ഹാജി, പി.ഐ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.