കേരളാ ടൂറിസം; അതിക്രമങ്ങളിൽ 3.5 ശതമാനം വർദ്ധന, സുരക്ഷയെക്കുറിച്ച് വിദേശികൾക്ക് ആശങ്ക

Thursday 26 April 2018 4:23 am IST

കോട്ടയം: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തുന്ന വിദേശികള്‍ക്കുനേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമാകുന്നു. ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ വിദേശസഞ്ചാരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ 3.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഐറീഷ് വനിത ലിഗയുടെ മരണം വിദേശ, ദേശീയ മാധ്യമങ്ങളടക്കം വന്‍ പ്രാധാന്യത്തോടെ നല്‍കിയത് ഈ മേഖലയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്ക പരന്നിട്ടുണ്ട്. വിദേശവനിതയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചാല്‍ അന്താരാഷ്ട്ര രംഗത്ത് കേരളത്തിന് മുഖം നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി.

വിദേശ വനിതയെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസിന്റെ സമീപനവും രാജ്യത്തിനകത്തും പുറത്തുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കിടെയില്‍ ചര്‍ച്ചയായിട്ടുണ്ട്. ആതിഥ്യമര്യാദപോലും കാണിക്കാതെ മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ള  ഉന്നതര്‍ സ്വീകരിച്ച മനോഭാവമാണ് കൂടുതല്‍ വിമര്‍ശനം ഉണ്ടാക്കിയിരിക്കുന്നത്. നീതിതേടി വന്നവരോട് അനുകമ്പയെങ്കിലും കാണിക്കാമായിരുന്നുവെന്നാണ് ടൂര്‍ഓപ്പറേര്‍മാര്‍ പറയുന്നത്. ഇതെല്ലാം കേരളത്തെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ഇതിന് കാരണം. കേരളത്തിന്റെ സമാന ഭൂപ്രകൃതിയുള്ള ഈ രാജ്യങ്ങളില്‍ കൂടുതല്‍ വൃത്തിയും സുരക്ഷയും ഉണ്ടെന്ന തോന്നലുണ്ട്. ഇത്തരം സംഭവങ്ങള്‍കൂടി ആകുമ്പോള്‍ പ്രത്യാഘാതം ഗുരുതരമാകും.

ബാര്‍ തുറന്നു, സുരക്ഷ കടലാസില്‍ 

ടൂറിസത്തിന്റെ ഭാഗമായിട്ടാണ് പൂട്ടിയ ബാറുകളെല്ലാം സര്‍ക്കാര്‍ തുറന്ന് കൊടുത്തത്. ബാര്‍ തുറക്കുന്നതോടെ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നും സര്‍ക്കാര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. വളര്‍ച്ചാനിരക്ക് കുറയുകയാണ് ചെയ്തത്. 2016-ല്‍ വിദേശികളുടെ കാര്യത്തില്‍ 6.23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കില്‍ 2017-ല്‍ 5.15 ശതമാനം മാത്രമാണ് വര്‍ദ്ധനയുണ്ടായത്. ടൂറിസത്തിന്റെ മറവില്‍ പൂട്ടിയ ബാറുകള്‍ തുറന്ന് ബാര്‍ മുതലാളിമാരെ സഹായിച്ച സര്‍ക്കാര്‍, സഞ്ചാരികള്‍ക്ക് വേണ്ട സുരക്ഷയും സൗകര്യങ്ങളും ഒരുക്കാന്‍ തയ്യാറായില്ല. 

സഞ്ചാരികളെ സഹായിക്കാനുള്ള 1800 425 4747 എന്ന ടോള്‍ ഫ്രീ നമ്പര്‍ വരെ പ്രവര്‍ത്തനരഹിതമാണ്. ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ ജീവനക്കാരന്‍ ബ്രിട്ടീഷ് വനിതയ്ക്ക്‌നേരെ അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ ബ്രിട്ടീഷ് എംബസിയുടെ സഹായമാണ് അഭ്യര്‍ത്ഥിച്ചത്. എംബസിയുടെ അറിയിപ്പ് പ്രകാരം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ശേഷമാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടവും പോലീസും വരെ അറിഞ്ഞത്. ടൂറിസം പോലീസ് ഉണ്ടെങ്കിലും ലോക്കല്‍ പോലീസിലെ കഴിവുകെട്ടവരെ കുടിയിരുത്താനുളള കേന്ദ്രങ്ങളായി മാറി ഈ സ്റ്റേഷനുകള്‍. വിദേശ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാത്തതും ഇവരുടെ പ്രധാന ന്യൂനതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.