മരംമുറിക്കുന്നതിന് വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം

Thursday 26 April 2018 4:36 am IST

തിരുവനന്തപുരം: ഇടുക്കിയിലെ പട്ടയഭൂമിയില്‍ മരംമുറിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ വനം വകുപ്പിന്റെ വിജ്ഞാപനത്തില്‍ ഭേദഗതിക്ക് നീക്കം. മൂന്നാറില്‍ കെട്ടിടനിര്‍മ്മാണത്തിന് കാത്തുകിടക്കുന്ന അപേക്ഷകള്‍ക്ക് അനുമതി നല്‍കാനും നിര്‍ദേശം. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായയത്. 

ഇടുക്കിയില്‍ പട്ടയം ലഭിച്ച ഭൂമിയില്‍ കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചുനീക്കുന്നത് അനുവദിക്കാനാണ് റവന്യൂ വകുപ്പ് വിജ്ഞാപനഭേദഗതിയെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. 1964, 1993 വര്‍ഷങ്ങളിലെ ഭൂമി പതിവു ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച വസ്തുവിലെ മരങ്ങള്‍ മുറിക്കുന്നതിനു വനം വകുപ്പിന്റെ വിജ്ഞാപനത്തില്‍ തന്നെ ഭേദഗതി വരുത്താനാണു നിര്‍ദേശം. 

ഉണങ്ങിയ മരങ്ങള്‍ വീണ് തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നത് പരിഹരിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്. സിഎച്ച്ആര്‍ (ഏലമല) മേഖലയില്‍ മരങ്ങള്‍ മുറിക്കുന്നതിനു വനംവകുപ്പിന്റെ ഉത്തരവ് വേണമെന്നതാണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. മരങ്ങള്‍ മുറിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന നിബന്ധനകള്‍ മുന്‍കാല പ്രാബല്യത്തോടെ നീക്കുന്നതിനു നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം. 

മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ ഒരു മാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കണം. പട്ടയ ഭൂമിയിലുള്ള വീടുകള്‍ക്ക് അധിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയുള്ള അറ്റകുറ്റപ്പണിക്കു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നു റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന എന്‍ഒസി സംബന്ധിച്ച കേസുകള്‍ പരിഹരിക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കണമെന്നും യോഗത്തില്‍ ധാരണയായി. 

മന്ത്രിമാരായ കെ. രാജു, എം.എം. മണി, ജോയിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ.ടി. ജയിംസ്, പ്രിന്‍സിപ്പല്‍ സിസിഎഫ് ബെന്നിച്ചന്‍ തോമസ്, ഇടുക്കി ജില്ലാ കളക്ടര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.