നല്ല ടാങ്കറുകള്‍ കട്ടപ്പുറത്താക്കി; കെഎസ്ആര്‍ടിസി വിവാദ ഉത്തരവ് സ്വകാര്യവത്കരണത്തിന്

Thursday 26 April 2018 4:38 am IST

കൊച്ചി: കെഎസ്ആര്‍ടിസി ടാങ്കറുകള്‍ സര്‍വീസ് നിര്‍ത്തിവെക്കണമെന്ന മാനേജിംഗ് ഡയറക്ടറുടെ വിവാദ ഉത്തരവ് ഇന്ധനനീക്കം സ്വകാര്യവത്കരിക്കാനുള്ള നയത്തിന്റെ ഭാഗമെന്ന് ആരോപണം. നിലവില്‍ സര്‍വീസ് നടത്തുന്ന ഒന്‍പത് ടാങ്കറുകള്‍ കട്ടപ്പുറത്താക്കിയതിലൂടെ ഈ മേഖലയിലേക്ക് സ്വകാര്യ ടാങ്കറുകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഇടത് സര്‍ക്കാറും മാനേജ്‌മെന്റും. ബസ്സ് സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടാങ്കറുകളുടെ സര്‍വീസ് നിര്‍ത്തിവെച്ച് ഡ്രൈവര്‍മാരെ പിന്‍വലിച്ചിട്ടുള്ളത്. എന്നാല്‍, ടാങ്കറുകള്‍ വെറുതെ കിടന്ന് നശിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. 

ടി.പി. സെന്‍കുമാര്‍ എംഡിയായിരുന്ന കാലത്താണ് ഇന്ധനം കൊണ്ടുവരാനായി കെഎസ്ആര്‍ടിസി ഒന്‍പത് ടാങ്കര്‍ സര്‍വീസുകള്‍ തുടങ്ങിയത്. ആരംഭകാലത്ത് ദിവസം രണ്ട് ലോഡുകള്‍ വരെ ഡീസല്‍, ടാങ്കറുകളില്‍ ഡിപ്പോകളില്‍ എത്തിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഡീസല്‍ വാങ്ങിയ ഇനത്തില്‍ കോടികള്‍ കുടിശ്ശിക വന്നതോടെ ലോഡുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ, ടാങ്കറുകളുടെ പ്രതിമാസ വരുമാനം 50 ലക്ഷമായി താഴ്ന്നു. ഇതിനിടെ കെഎസ്ആര്‍ടിസിയുടെ ടാങ്കറിന്റെ സ്ഥാനത്തേക്ക് കൂടുതല്‍ സ്വകാര്യ ടാങ്കറുകളെത്തി. എന്നിട്ടും കെഎസ്ആര്‍ടിസി ടാങ്കറുകളുടെ ലോഡ് എണ്ണം കൂട്ടാന്‍ നടപടിയെടുത്തില്ല. 

നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസിനായി ദിവസേന അഞ്ചുലക്ഷം ലിറ്റര്‍ ഡീസലാണ് വേണ്ടത്. കെഎസ്ആര്‍ടിസിക്ക് 18,000 ലിറ്റര്‍ ശേഷിയുള്ള ആറു ടാങ്കറുകളും 12,000 ശേഷിയുള്ള മൂന്നു ടാങ്കറുമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള ഡീസല്‍ മുഴുവനും എത്തിച്ചിരുന്നത് സ്വകാര്യ ടാങ്കറുകളാണ്. കെഎസ്ആര്‍ടിസിയുടെ ടാങ്കറുകള്‍ പിന്‍വലിച്ചതോടെ മുഴുവന്‍ ഇന്ധനനീക്കവും സ്വകാര്യ ലോബികളുടെ കൈകളിലെത്തിയിരിക്കുകയാണ്. 

ഉപയോഗിക്കാതെ കിടന്നാല്‍ ടാങ്കറുകള്‍ നശിച്ചുപോകാനിടവരും. ഇത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ടാങ്കര്‍ സര്‍വീസ് നിലച്ചതോടെ ഡീസല്‍ നീക്കം വഴിയുള്ള അധികവരുമാനവും ഇല്ലാതായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.