അറവ് ശാലയിലെ മാലിന്യം ചീഞ്ഞുനാറുന്നു; അദ്ധ്യാപക പരിശീലന കേന്ദ്രം മാറ്റി

Wednesday 25 April 2018 9:44 pm IST

 

തളിപ്പറമ്പ്: അറവുശാലയിലെ മാലിന്യം ചീഞ്ഞ് നാറുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് വേനല്‍ക്കാല അദ്ധ്യാപക പരിശീലന കേന്ദ്രം മാറ്റി. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിച്ച തളിപ്പറമ്പ് മാപ്പിള യുപി സ്‌ക്കൂളില്‍ നിന്നാണ് കേന്ദ്രം മാറ്റേണ്ടി വന്നത്. തളിപ്പറമ്പ് മാര്‍ക്കറ്റിലെ അറവ് ശാലയില്‍ നിന്നുള്ള മാലിന്യങ്ങളും എല്ലുകളും കൂട്ടുന്നത് അറവ് ശാലയോട് ചേര്‍ന്ന കുഴിയിലാണ്. അവ എന്നും മാറ്റി വൃത്തിയാക്കാറില്ല. ഇവിടെ നിന്നും വരുന്ന ദുര്‍ഗന്ധം സഹിക്കാവുന്നതിനും അപ്പുറമാണെന്നായിരുന്നു പരാതി.

മുസ്ലീം പള്ളിയുടെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പ് മാര്‍ക്കറ്റിലെ അറവുശാല പ്രവര്‍ത്തിക്കുന്നത് പള്ളിയുടെ സ്ഥലത്തു തന്നെയാണ്. മാര്‍ക്കറ്റിലുള്ള പള്ളിയുടെ ഇതേ സ്ഥലത്ത് വിശാലമായ ഖബര്‍സ്ഥാനും സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം കഴിഞ്ഞാല്‍ നഗരസഭ റോഡ് കഴിഞ്ഞ് സ്‌ക്കൂള്‍ കെട്ടിടമായി. മാര്‍ക്കറ്റില്‍ നിന്നും സ്‌ക്കൂളിലേക്ക് നൂറ് മീറ്ററില്‍ താഴെ മാത്രമേ അകലമുള്ളു.

തളിപ്പറമ്പ് നോര്‍ത്ത് ബിആര്‍സിയുടെ നേതൃത്വത്തിലുള്ള എല്‍പി അറബിക്, യുപി അറബിക്, യുപി സയന്‍സ്, യുപി സാമൂഹ്യം എന്നീ നാല് വിഭാഗം അദ്ധ്യാപക പരിശീലനമാണ് ഗവണ്‍മെന്റ് മാപ്പിള യുപി സ്‌ക്കൂളില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഉപജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അദ്ധ്യാപകരും പുറം ജില്ലകളില്‍ നിന്നു വന്ന ചിലരും രാവിലെ തന്നെ ദുര്‍ഗന്ധത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് ശീലമായ സ്‌ക്കൂള്‍ അധികൃതരും മറ്റും അതത്ര കാര്യമാക്കിയില്ല. വെയില്‍ കൂടിയപ്പോള്‍ അദ്ധ്യാപകര്‍ക്ക് നാറ്റം സഹിക്കാന്‍ പറ്റാതെയായി. അവര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രം അടിയന്തിരമായി മാറ്റണമെന്ന് ആവശ്യപ്പെട്ടു. എസ്എസ്എ അധികൃതര്‍ മാപ്പിള യുപി സ്‌ക്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ സംഭവം ശരിയാണെന്ന് കാണുകയും അദ്ധ്യാപകരുടെ പ്രതിഷേധം നേരിട്ട് കേള്‍ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിശീലന കേന്ദ്രം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെവച്ചാണ് ഇന്നലെ രാവിലെ തളിപ്പറമ്പ് ബിആര്‍സി തല അദ്ധ്യാപക പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നത്. ഈ കേന്ദ്രത്തില്‍ നടന്നുവരുന്ന പരിശീലനങ്ങള്‍ ഇന്നു മുതല്‍ ചിറവക്കിലുള്ള അക്കിപ്പറമ്പ് യുപി സ്‌ക്കൂളിലേക്ക് മാറ്റി. മാപ്പിള യുപി സ്‌ക്കൂളില്‍ കുട്ടികളും ജീവനക്കാരും എങ്ങനെയാണ് ദുര്‍ഗന്ധം സഹിച്ച് വര്‍ഷം മുഴുവന്‍ കഴിച്ചു കൂട്ടുന്നത് എന്നാണ് മറ്റ് സ്ഥലങ്ങളില്‍ നിന്നും വന്ന അദ്ധ്യാപകര്‍ ചോദിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.