നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ അട്ടിമറിച്ചു: ഐഎന്‍എ

Wednesday 25 April 2018 9:46 pm IST

 

കണ്ണൂര്‍: കരട് വിജ്ഞാപനത്തില്‍ 6000 രൂപ മുതല്‍ 10,000 രൂപ വരെ കുറവ് വരുത്തുക വഴി സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിച്ചുവെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ലിബിന്‍ തോമസ് ആരോപിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. ശതമാനക്കണക്ക് ഉയര്‍ത്തിക്കാട്ടുന്ന സര്‍ക്കാര്‍ മൊത്തത്തുകയില്‍ കാര്യമായ വര്‍ധനവ് ഇല്ല എന്ന കാര്യം മറച്ചുപിടിക്കുകയാണ്. 50 കിടക്കകള്‍ എന്ന കാറ്റഗറി ഒഴിവാക്കി പൂജ്യം മുതല്‍ 100 വരെ എന്നാക്കിയത് വഴി പതിനായിരക്കണക്കിന് നഴ്‌സുമാര്‍ക്ക് നഴ്‌സിങ്ങ് അലവന്‍സ് നഷ്ടപ്പെട്ടു. 800 കിടക്കകള്‍ക്ക് മുകളിലുള്ള  ആശുപത്രികളില്‍ 30,000 രൂപ ഉറപ്പുവരുത്തി എന്ന് പറയുന്ന സര്‍ക്കാര്‍ കേരളത്തില്‍ 800 കിടക്കകള്‍ക്ക് മുകളിലുള്ള എത്ര ആശുപത്രികള്‍ കേരളത്തിലുണ്ടെന്ന് വ്യക്തമാക്കണം. ഫലത്തില്‍ നഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. മുതലാളിമാരുടെ ആവലാതികള്‍ കേട്ട് മനസ്സലിഞ്ഞ മുഖ്യമന്ത്രി നഴ്‌സിങ്ങ് അലവന്‍സ് വെട്ടിക്കുറച്ചതിന് സമാധാനം പറയണമെന്നും ലിബിന്‍ തോമസ് പറഞ്ഞു.

ഐഎന്‍എ ഒരുമാസക്കാലം പണിമുടക്ക് നടത്തിയും നിരാഹാരം നടത്തിയുമാണ് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ അന്തിമ വിജ്ഞാപനം ഐഎന്‍എക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വിജ്ഞാപനത്തിലെ അപാകതതള്‍ അടിയന്തിരമായി പരിഹരിക്കണം. ഐഎന്‍എ മുമ്പ് പ്രഖ്യാപിച്ചത് പ്രകാരമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകും. ലോക നഴ്‌സസ് ദിനമായ മെയ് 12  മുതല്‍ എല്ലാ ആശുപത്രികളിലും പണിമുടക്ക് സമരം ആരംഭിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനവ് പോലും കൊടുക്കില്ല എന്ന മാനേജ്‌മെന്റിന്റെ നിലപാട് നിയമത്തോടും ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. ഇതിനെ സംഘടന നിയമപരമായും സംഘടനാപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.