രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്റർ ഇനി കൊച്ചിയിൽ

Thursday 26 April 2018 4:23 am IST

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകാന്‍ അന്താരാഷ്ട്ര നിലവാരമുള്ള രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചി ബോള്‍ഗാട്ടിയില്‍ സജ്ജമായി. 1800 കോടി രൂപ മുതല്‍ മുടക്കില്‍ ലുലു ഗ്രൂപ്പാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. ഈ മാസം 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, നയതന്ത്രപ്രതിനിധികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരുലക്ഷം ചതുരശ്രയടിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍. ഏറ്റവും വലിയ ഹാളായ 'ലിവ'യില്‍ 5000-ലധികം ആളുകളെ ഉള്‍ക്കൊള്ളാനാകും. മൂന്നായി വിഭജിക്കാന്‍ പറ്റുന്നതരത്തിലാണ് നിര്‍മ്മിതി. ബട്ടണ്‍ അമര്‍ത്തിയാല്‍ മടങ്ങി ചുമരിലിരിക്കുന്ന കേസരകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണമുണ്ട്. 'വേമ്പനാട്' എന്ന് പേരിട്ട രണ്ടാമത്തെ ഹാളില്‍ 2200-ലധികം പേരെ ഉള്‍ക്കൊള്ളാനാകും. 

എം.എ. യൂസഫലിയുടെ നാടായ നാട്ടികയുടെ പേരാണ് മൂന്നാമത്തെ ഹാളിന്. വിശിഷ്ടാതിഥികള്‍ക്ക് വിശ്രമിക്കാനായി 'ദിവാന്‍' എന്ന പേരില്‍ ഹാള്‍ വേറെയുമുണ്ട്. ഹോട്ടലിന്റെ ബാള്‍ റൂമില്‍ 1200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലെ വിവിധ ഹാളുകളിലുമായി പതിനായിരത്തില്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാനാകും. 

1500 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും ഇടമുണ്ട്. മൂന്ന് ഹെലിപ്പാഡുകളുമുണ്ട്. കായലുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലും. ബോട്ടുകള്‍ക്കും ഉല്ലാസ നൗകകള്‍ക്കും അടുക്കാന്‍ മൂന്ന് ജെട്ടികള്‍, വാട്ടര്‍ ഫ്രണ്ട് ഡെക്ക്, വാട്ടര്‍ ആംഫി തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ട്. 

ഹയാത്ത് ഗ്രൂപ്പിന്റെ ആഡംബര ഹോട്ടല്‍ ബ്രാന്‍ഡായ ഗ്രാന്‍ഡ് ഹയാത്തില്‍ 42 സ്യൂട്ട് റൂമുകളുള്‍പ്പെടെ 265 മുറികളുണ്ട്. രാഷ്ട്രത്തലവന്മാര്‍ക്ക് താമസിക്കാനുള്ള വില്ലകളും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും ക്ലബ്ബ് റൂമുകളും ഇതിന്റെ ഭാഗമാണ്. സമ്മേളന ടൂറിസം ലക്ഷ്യമാക്കിയാണിത്. കേരളത്തിന്റെ തനത് രുചിക്കൂട്ട് പകരുന്ന മലബാര്‍ കഫെ, തായ്, പാശ്ചാത്യ ഗ്രില്ല് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് വിവിധതരം റസ്റ്റോറന്റുകളുണ്ട്. സ്ത്രീകള്‍ മാത്രം മുഖ്യ ഷെഫായി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയാണ് മലബാര്‍ കഫെയ്ക്കുള്ളത്. തായ് റസ്റ്റോറന്റിലെ മുഖ്യ ഷെഫ് തായ്‌ലന്‍ഡുകാരിയായ സുപാത്രയാണ്.

ടൂറിസം രംഗത്ത് ഇന്ത്യയുടെ ഹബ്ബാകാനാണ് ലുലുബോള്‍ഗാട്ടി ലക്ഷ്യമിടുന്നത്. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിതിട്ടുള്ള ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ രാജ്യാന്തര മേളകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനവര്‍ധനവിന് പുറമെ വന്‍തോതിലുള്ള തൊഴിലവസരവും ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ഡയറക്ടര്‍മാരായ എം.എ. സലിം, എം.എ. ഇര്‍ഷാദ്, ഹയാത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജി ശര്‍മ്മ, ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ജനറര്‍ മാനേജര്‍ ഗിരീഷ് ഭഗത്ത് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.