കേരളം വ്യവസായ സൗഹൃദം, ഇനിയും നിക്ഷേപിക്കും: യൂസഫലി

Thursday 26 April 2018 4:28 am IST

കൊച്ചി: കേരളം നിക്ഷേപ സൗഹൃദമല്ലെന്ന ധാരണ തനിക്കില്ലെന്നും, ഇനിയും ഇവിടെ നിക്ഷേപം നടത്തുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. കേരളം നിക്ഷേപ സൗഹൃദമല്ലായിരുന്നെങ്കില്‍ ലുലുമാള്‍ പോലും തുടങ്ങില്ലായിരുന്നു.  കേരളത്തെ ഒഴിവാക്കി  മറ്റിടങ്ങളില്‍ മാത്രമായി നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ലുലു ബോള്‍ഗാട്ടി പദ്ധതിക്കായി നടത്തിയിട്ടുള്ളത്. ചില എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആലോചിച്ചിരുന്നു. പദ്ധതിയെ മൂന്നുപേര്‍ എതിര്‍ത്തു. എന്നാല്‍, 30 പേര്‍ അതുമായി മുന്നോട്ട് പോകാനാണ് നിര്‍ദ്ദേശിച്ചത്. കൂടുതല്‍ പേര്‍ നിക്ഷേപം ആഗ്രഹിക്കുന്നവരായതിനാല്‍ വെല്ലുവിളികളെ വേഗം അതിജീവിക്കാനായി.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും തൊഴിലവസരങ്ങള്‍ കുറയുന്നത്, അവിടത്തെ യുവാക്കള്‍ വിദേശരാജ്യങ്ങളില്‍ പോയി പഠിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നതുകൊണ്ടാണ്. അല്ലാതെ അവിടെ വ്യവസായങ്ങള്‍ക്ക് പ്രതിസന്ധിയില്ല. അവിടത്തെ യുവാക്കള്‍ മികച്ച വിദ്യാഭ്യാസം നേടുമ്പോള്‍ അവര്‍ക്ക് ജോലി നല്‍കേണ്ടതായി വരും. ഇവിടെയും നിക്ഷേപം നടത്തി വ്യവസായങ്ങള്‍ വര്‍ധിപ്പിച്ചാല്‍ നമ്മുടെ മാനുഷിക വിഭവ ശേഷി ഇവിടെ തന്നെ ഉപയോഗിക്കാനാകും. 2020 ആകുമ്പോഴേക്കും ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം 30,000 ആകും. 

14,000 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പിന്റേതായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തയ്യാറാകുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ കൊച്ചിയിലെ ലുലു സൈബര്‍ ടവര്‍, തിരുവനന്തപുരത്തെ ഷോപ്പിംഗ് മാള്‍, ലക്‌നൗ, വിശാഖപട്ടണം, ഹൈദരാബാദ്, എന്നിവിടങ്ങളിലെ പദ്ധതികളും ഇതില്‍പ്പെടും. 

സ്വന്തം നാടായ നാട്ടികയിലെ ഷോപ്പിംഗ് കേന്ദ്രം ആഗസ്റ്റില്‍ പ്രവര്‍ത്തനക്ഷമമാകും. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 20 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ 2019 അവസാനമാകുമ്പോഴേക്കും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.