വഴികാട്ടിയായിരുന്നു ടോണി, താരങ്ങൾക്കും സംഘടനയ്ക്കും

Thursday 26 April 2018 5:47 am IST

അര്‍പ്പണ ബോധത്തിന്റെയും ദീര്‍ഘ വീക്ഷണത്തിന്റെയും മൂര്‍ത്തരൂപമായിരുന്നു അന്തരിച്ച ഡോ. ടോണി ഡാനിയല്‍ എന്ന അത്‌ലറ്റിക്‌സ് സംഘാടകനും കോച്ചും. അഖിലേന്ത്യാ ഫെഡറേഷന്റെ  ജോ. സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായിരിക്കെ, കേരളത്തില്‍ അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു.  ആലുവ സെന്റ്  സേവ്യേഴ്‌സ് കോളജില്‍ നിന്നു കായിക വകുപ്പു മേധാവിയായി ഔദ്യോഗിക സേവനം അവസാനിപ്പിച്ചതിനു ശേഷം  സംഘാടന രംഗത്തു കൂടുതല്‍ സജീവമായി. 

 അടിസ്ഥാന സൗകര്യവികസനം  അദ്ദേഹത്തിന്റെ  സ്വപ്‌നമായിരുന്നു. മാറ്റങ്ങള്‍ക്കൊത്തു സ്വയം മാറാനും പ്രസ്ഥാനത്തെ മാറ്റാനും അദ്ദേഹം കാണിച്ച താത്പര്യം കായിക സംഘാടകര്‍ക്ക് എന്നും മാര്‍ഗദര്‍ശനം നല്‍കാന്‍ പോന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍   ഇന്ത്യന്‍ അത്‌ലറ്റുകള്‍ സിന്തറ്റിക് ട്രാക്കില്‍ത്തന്നെ പരിശീലനം നേടണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു.  കേരളത്തില്‍ രൂപംകൊണ്ട സിന്തറ്റിക് ട്രാക്കുകളുടെയെല്ലാം നിര്‍മാണത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ട്. 

സ്വന്തം കാഴ്ച്ചപ്പാടിനും നിശ്ചയദാര്‍ഢ്യത്തിനും അപ്പുറം മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാനും അറിയാനുമുള്ള ക്ഷമയും സഹിഷ്ണുതയും കൈമുതലായിരുന്നതാണ് ടോണി ഡാനിയല്‍ എന്ന പരിശീലക - സംഘാടകനെ സ്വന്തം പ്രവൃത്തി മണ്ഡലങ്ങളില്‍ വിജയത്തിലേക്കു നയിച്ചത്. തുമ്പിയേക്കൊണ്ടു കല്ലെടുപ്പിക്കുംപോലെ, മിനി മീറ്റ് എന്ന പേരില്‍ പിഞ്ചുകുഞ്ഞുങ്ങളെ മല്‍സരത്തിനിറക്കുന്ന രീതിക്കെതിരെ പ്രതികരിച്ചപ്പോള്‍ അദ്ദേഹം കേട്ടു നിന്നതേയുള്ളു. പക്ഷേ, ആ സംവിധാനം പിന്നീട് ഉപേക്ഷിക്കപ്പെട്ടത് ടോണിയുടെ താത്പര്യപ്രകാരം തന്നെയാണെന്ന് അറിയാന്‍ പ്രത്യേകിച്ചു തെളിവൊന്നും വേണ്ട, അദ്ദേഹത്തെ അറിഞ്ഞാല്‍ മാത്രം മതി. അതായിരുന്നു ടോണി. എടുത്തു ചാട്ടമില്ല. പക്ഷേ, എന്തും മനസ്സിരുത്തി പഠിച്ചു വിശകലനം ചെയ്യും. ശരിയെന്നു തോന്നുന്നതിനായി നിലകൊള്ളും. ഇത്തരം വിദഗ്ധരാണു കായിക രംഗത്തിന്റെ  ശക്തി. 

ദേശീയ സംസ്ഥാന തലങ്ങളിലെ പൊതുവായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റുകള്‍ക്കു പുറമെ, ഇന്ത്യയ്ക്കു പ്രതീക്ഷയുള്ള 400മീ, 800മീ, ലോങ്ജംപ് തുടങ്ങിയ ഇനങ്ങള്‍ക്കു മാത്രമായി െ്രെപസ്മണി മല്‍സരങ്ങള്‍ വേണമെന്ന നിര്‍ദേശവും അദ്ദേഹം ഗൗരവമായി എടുത്തു . ഈ വര്‍ഷത്തെ അത്‌ലറ്റിക് കലണ്ടറില്‍ അത്തരം മല്‍സരങ്ങള്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയാണ്. പക്ഷേ, ടോണി ഡാനിയലിന്റെ  വേര്‍പാട് അതിനെല്ലാം ഉപരിയുള്ള ഏതോ നഷ്ടമായിട്ടാണ് തോന്നുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.