വിസ്മയ ഗോപുരം തീര്‍ത്ത് ഇലഞ്ഞിത്തറ മേളം

Thursday 26 April 2018 5:24 am IST

തൃശൂര്‍: മണ്ണിലെ മഹാപൂരത്തിനായി ഒഴുകിയെത്തിയ മേളപ്രേമികള്‍ക്ക് മുന്നില്‍ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ ഇലഞ്ഞിത്തറയ്ക്ക് സമീപം ഉയര്‍ന്നത് വിസ്മയ മേള ഗോപുരം. പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ മാന്ത്രിക കൈകള്‍ക്ക് തുടര്‍ച്ചയായ ഇരുപതാം വര്‍ഷത്തെ റെക്കോഡ് കൊട്ടിക്കയറ്റം. ആയിരങ്ങളെ സാക്ഷിയാക്കി ചെണ്ടകള്‍ മേളപ്പെരുക്കം നടത്തിയപ്പോള്‍ മണിക്കൂറുകള്‍ മേളപ്പെരുമഴയില്‍ അലിഞ്ഞില്ലാതായി.  

പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് 15 ആനപ്പുറത്ത് ആരംഭിക്കുന്ന പൂരം എഴുന്നെള്ളിപ്പ് മുതല്‍ തീരുകലാശം വരെ നാലര മണിക്കൂര്‍ നീളുന്നതാണ് പാറമേക്കാവിന്റെ മേളസഞ്ചാരം. പാറമേക്കാവില്‍ നിന്ന് ചെമ്പട താളത്തിലെത്തിയ ഭഗവതി, ഇലഞ്ഞിച്ചുവട്ടില്‍ പാണ്ടിമേളത്തിന്റെ നാദ പ്രപഞ്ചത്തിലേയ്ക്ക് ചുവടുമാറിയതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി. കുട്ടന്‍മാരാര്‍ തീര്‍ക്കുന്ന മേളഗോപുരം കേട്ടും കണ്ടും ആസ്വദിക്കാന്‍ ഈസമയം വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മണിക്കൂറുകള്‍ക്ക് മുമ്പേ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു. ഉച്ചയ്ക്ക് 2.30ന് ഇലഞ്ഞിത്തറയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ 300 കലാകാരന്മാര്‍ നിരന്നതോടെ മേളപ്പെരുമഴ ആരംഭിച്ചു. 

തുടക്കത്തില്‍ തുറന്നുപിടിച്ച കാലം. അടിച്ചുകലാശവും തകൃത തകൃതയും ഇടക്കാലവും മുട്ടിന്മേലേറ്റവും കടന്ന് രണ്ടാം തകൃതതകൃയും തീര്‍ത്ത് ഏകതാളത്തില്‍ മേളക്കലാശം. മേളപ്രേമികളുടെയും ആരാധകരുടെയും ദേവസ്വം ഭാരവാഹികളുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ കുട്ടന്‍ മാരാരുടെ മുഖത്ത് തുടര്‍ച്ചയായി 20 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന് നായകനായി റെക്കോഡ് നേട്ടം സ്വന്തമാക്കാനായതിന്റെ തിളക്കം. തന്റെ ഗുരുപരമ്പരയില്‍പ്പെട്ട പരിയാരത്ത് കുഞ്ഞന്‍ മാരാര്‍ ഇലഞ്ഞിത്തറയ്ക്കല്‍ സ്ഥാപിച്ച 20 വര്‍ഷത്തെ റെക്കോഡിനൊപ്പമെത്തിയതിന്റെ ആത്മസംതൃപ്തിയിലായിരുന്നു ഇത്തവണ പെരുവനം. ഏഴുപത്തിയഞ്ച് വയസുള്ള കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും ഇടത്തും വലത്തുമായി കുട്ടന്‍മാരാര്‍ക്ക് കൂട്ടായി.

ഓരോ ചെണ്ടക്കോല്‍ വീഴുമ്പോഴും മേളക്കമ്പക്കാര്‍ കൈമെയ് മറന്ന് അന്തരീക്ഷത്തില്‍ താളം പിടിച്ചു. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ കൈയ്യും മെയ്യും മറന്ന് ഒരുക്കിയ നാദവിസ്മയത്തില്‍ അലിഞ്ഞു ചേരാന്‍ മേട ചൂടിനെ വകവെക്കാതെ മേളപ്രേമികള്‍ ഒരേ മനസ്സായി. പതിഞ്ഞ താളത്തില്‍ ആരംഭിച്ച പാണ്ടിമേളത്തിന്റെ താളക്രമങ്ങള്‍ പതുക്കെ പതുക്കെ കൊട്ടിക്കയറിയപ്പോള്‍ മേളങ്ങളുടെ പൂരമെന്ന വിശേഷണം ഇലഞ്ഞിത്തറ മേളത്തിന് പൂര്‍ണമായി. 

സിരകളില്‍ സംഗീതത്തിന്റെ ലഹരി നെഞ്ചേറ്റുന്ന ആയിരങ്ങള്‍ നാദതാള പ്രപഞ്ചത്തില്‍ ഒന്നായ അപൂര്‍വ നിമിഷങ്ങള്‍ക്ക് പൂരനഗരി ഈ സമയം സാക്ഷ്യം വഹിച്ചു. ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിക്കല്‍ സിംഫണിയെന്ന വിശേഷണത്തിന് ഇലഞ്ഞിത്തറമേളം അര്‍ഹമാണെന്ന് ചെണ്ടയില്‍ പെയ്തിറങ്ങിയ നാദവിസ്മയത്തിന്റെ മാസ്മരികതയാല്‍ ഒരിക്കല്‍ കൂടി പെരുവനം തെളിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.