സിപിഎം റിമാന്‍ഡ് പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി; ആഭ്യന്തര വകുപ്പിന്റെ നടപടി വിവാദമാകുന്നു

Thursday 26 April 2018 5:17 am IST

കണ്ണൂര്‍: റിമാന്‍ഡ് പ്രതികള്‍ക്ക് ചട്ടം ലംഘിച്ച്  പുറത്തിറങ്ങാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പിന്റെ നടപടി വിവാദമാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം തടവുകാരുടെ സുഖവാസത്തെക്കുറിച്ചുള്ള വിവാദത്തിനു പിന്നാലെയാണ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെയുളള പ്രതികള്‍ക്ക് ചട്ടം ലംഘിച്ച്  പുറത്തിറങ്ങാന്‍ അവസരമൊരുക്കിയിരിക്കുന്നത്. വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അവസരം നല്‍കിയ ജയില്‍ വകുപ്പ് നടപടിയാണ് വിവാദമായിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കം പ്രതിപ്പട്ടികയിലുള്ള കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയും പി.ജയരാജന്റെ ഡ്രൈവറുമായിരുന്ന വിക്രമനാണ് ജയില്‍ ടീമിന്റെ ക്യാപ്റ്റന്‍.  ജയിലിനു പുറത്തുള്ള ടീമുകള്‍ ജയിലില്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാറുണ്ടെങ്കിലും റിമാന്‍ഡ് പ്രതികള്‍ അടങ്ങിയ ജയില്‍ ടീം പുറത്തുപോകുന്നത് ചട്ടലംഘനമാണ്. ഇന്നലെ കണ്ണൂരില്‍ പത്രപ്രവര്‍ത്തകര്‍ ആതിഥ്യമരുളുന്ന ജേര്‍ണലിസ്റ്റ് വോളിയോടനുബന്ധിച്ചുള്ള പ്രദര്‍ശന മത്സരത്തില്‍ വിക്രമന്‍ നയിച്ച ജയിലിലെ അന്തേവാസികള്‍ ഉള്‍പ്പെട്ട ടീം പങ്കെടുത്തു. 

ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നുള്ള പ്രത്യേക അനുമതിയോടെയാണ് ജയില്‍ ഡിജിപി ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. വോളിബോള്‍ മത്സരം നടന്ന കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാനെത്തിയ പ്രതികള്‍ക്കൊപ്പം ബന്ധുക്കളും നാട്ടുകാരും സെല്‍ഫിയെടുക്കുന്നതും മറ്റും കാണാമായിരുന്നു. റിമാന്‍ഡ് പ്രതികളെ പൊതു പരിപാടി സ്ഥലത്ത് സ്വതന്ത്രമായി വിട്ടത് കടുത്ത സുരക്ഷാ ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനാലാണ് വിക്രമന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്. കോടതി ജയിലിലേക്ക് റിമാന്‍ഡിന് അയച്ച പ്രതികളെ കോടതി അനുമതി ഇല്ലാതെ പുറത്തു വിടുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

സമീപകാലത്ത്  ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ജയില്‍ വകുപ്പിന്റെ ഭാഗത്തു നിന്നും നല്‍കിയത് ഏറെ വിവാദമായിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം  പി.കെ.കുഞ്ഞനന്തനുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതും ടി.പി കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചതും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖ ചികിത്സ നല്‍കിയതും വിവാദമായിരുന്നു.  ഷുഹൈബ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകന്‍ ആകാശിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തതും ഈ കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ സിപിഎം തടവുകാര്‍ ഭീഷണിപ്പെടുത്തിയതും വിവാദം സൃഷ്ടിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.