പിണറായി കൊലപാതക പരമ്പര; യുവതിയെ കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പിനിടയിൽ നാട്ടുകാരുടെ പ്രതിഷേധം

Thursday 26 April 2018 4:55 am IST

തലശ്ശേരി: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളേയും മകളേയും വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ചൊവ്വാഴ്ച അറസ്റ്റിലായ സൗമ്യ(28)യെയാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകളും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മൂവരേയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. 

അലൂമിനിയം ഫോസ്‌ഫേറ്റ് ഭക്ഷണത്തില്‍ കലര്‍ത്തിയായിരുന്നു മൂന്നു പേരേയും കൊലപ്പെടുത്തിയത്. സൗമ്യയുടെ മൂത്ത മകള്‍ ആറു വര്‍ഷം മുമ്പാണ് മരിച്ചതെങ്കിലും അത് അസുഖം മൂലമാണെന്ന് സൗമ്യ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ തനിച്ചാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സൗമ്യയുമായി അടുത്ത ബന്ധമുള്ള മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ട് പേരെ സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ഒരാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ ഉണ്ട്.

അതേസമയം ഇന്നലെ രാവിലെ സൗമ്യയെ അന്വേഷണസംഘം പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കേസന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്റേയും ധര്‍മ്മടം എസ്‌ഐ എം.ആര്‍.അരുണ്‍കുമാറിന്റെയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 

പോലീസ് ജീപ്പും മാധ്യമപ്പടയേയും കണ്ടതോടെ പരിസരവാസികളും പിറകെ നാട്ടുകാരും വണ്ണത്താന്‍ വീട്ടിലേക്ക് ഇരച്ചെത്തി. ഇതിനകം സൗമ്യയെയും കൂട്ടി അന്വേഷണ ഉദേ്യാഗസ്ഥര്‍ വീട്ടില്‍ കയറിയിരുന്നു. ഏതാണ്ട് ഇരുപതു മിനിറ്റോളം വീട്ടിനകത്ത് നിന്നും ഉദേ്യാഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.  ഈ സമയം പുറത്ത് വന്‍ ജനക്കൂട്ടമായിരുന്നു. 

ഇവര്‍ക്കിടയിലൂടെ പോലീസ് സംഘം സൗമ്യയുമായി ജീപ്പിനടുത്തേക്ക് നീങ്ങവെ ആള്‍ക്കൂട്ടം കൂവിവിളിച്ച് രോഷം പ്രകടിപ്പിച്ചു. കസ്റ്റഡിയില്‍ ലഭിച്ച സൗമ്യയെ ഇന്ന് അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. 29 വരെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.