ലിഗയുടെ മരണം കൊലപാതക സാധ്യത തള്ളാതെ പോലീസ്

Thursday 26 April 2018 4:58 am IST

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം വിഷം കഴിച്ചാകാമെന്ന പൊലീസ് വാദം ഫോറന്‍സിക് വിദഗ്ധര്‍ തള്ളിയതോടെ കൊലപാതക സാധ്യതയുടെ ചുവടുപിടിച്ച്  അന്വേഷണം നടത്താന്‍ നീക്കം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുന്നതോടെ  മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകും. ശ്വാസം മുട്ടിയാകാം മരണമെന്നാണ് കഴിഞ്ഞ ദിവസം പോലീസ് അനൗദ്യോഗികമായി നല്‍കിയ സൂചന. 

നേരത്തേ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം അനുസരിച്ചാണ് വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്. മൃതദേഹത്തില്‍ പുറമേ പരുക്കുകളൊന്നും ഇല്ലാതിരുന്നത് ഈ അഭിപ്രായത്തിന് ബലമേകുകയും ചെയ്തു. എന്നാല്‍ ലിഗയെ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലും സഹോദരി എലീസ ഉയര്‍ത്തിയ സംശയങ്ങളും ഈ അഭിപ്രായത്തെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു. 

അതേസമയം ലിഗയുടെ മരണകാരണത്തെക്കുറിച്ച്  അഭ്യൂഹങ്ങള്‍ പലതും  പ്രചരിക്കുകയാണ്. തീര്‍ത്തും ഒറ്റപ്പെട്ടയിടത്ത് ലിഗ എങ്ങനെയെത്തപ്പെട്ടു എന്നതിനെ കുറിച്ചാണ് അന്വേഷണം. ലിഗ അങ്ങോട്ടേക്ക് നടന്നു പോകുന്നതും കായലില്‍ കുളിക്കുന്നതും കണ്ടുവെന്ന് സമീപവാസിയായ ഒരു സ്ത്രീ പറഞ്ഞതായി അഭ്യൂഹമുണ്ടായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയെങ്കിലും അവര്‍ അത് നിഷേധിച്ചതായാണ് വിവരം. മയക്കുമരുന്ന് ഇടപാടുകളുടെ കേന്ദ്രമായ ഇവിടെ പതിവായിയെത്തുന്നവരെയും  പോലിസ് ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.  മൃതദേഹം ആദ്യമായി കണ്ട  യുവാക്കളെ  ഇന്നലെ വീണ്ടും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 

ലിഗയുടേതല്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു, അവര്‍ ധരിച്ചിരുന്ന ചെരുപ്പുകള്‍ എവിടെ, തീര്‍ത്തും ഒറ്റപ്പെട്ടയിടത്തേക്ക് അവര്‍ എങ്ങനെയെത്തി എന്നീ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം ഉത്തരം തേടുന്നത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കുള്ള സംശയങ്ങള്‍ ഐ.ജിക്കു എഴുതി നല്‍കിയെന്നും  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങണമോയെന്ന്  തിരുമാനിക്കുമെന്നും ലിഗയുടെ സഹോദരി എലീസ അറിയിച്ചു. മരണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാഷ്ട്രീയക്കാര്‍ തന്നെ വന്നു കാണേണ്ടന്നും അവര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എലീസയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഈ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.