ലിഗയെ കൊലപ്പെടുത്തിയതാകമെന്ന് പോലീസ്; കണ്ടൽക്കാടിനുള്ളിൽ കടന്നത് യുവാവിനൊപ്പം

Thursday 26 April 2018 8:32 am IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ ലിഗയെ കൊലപ്പെടുത്തിയതാകമെന്ന്  പോലീസ്. കൊലപാതകമാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിനു കൈമാറുകയും ചെയ്തു. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ് ഇക്കാര്യം സ്ഥിരീകരിച്ചു.

മരണം ശ്വാസംമുട്ടിയാകാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധര്‍ തയാറാക്കിയ ഫൊറന്‍സിക് പരിശോധനാഫലം സൂചിപ്പിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുന്നതോടെ മരണകാരണത്തില്‍ വ്യക്തത ലഭിക്കും. വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

വാഴക്കുളം കണ്ടല്‍ക്കാടുകള്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശത്തുനിന്നു വിട്ടുനില്‍ക്കുന്നതായി പോലീസിനു വിവരം ലഭിക്കുകയും ചെയ്തു. ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് യുവാവിനോടൊപ്പമായിരുന്നുവെന്ന സൂചന പ്രത്യേകസംഘത്തിനു ലഭിച്ചു. ലിഗയ്ക്കായി ഇയാള്‍ ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ കോവളത്തുനിന്നു വാങ്ങിയതിന് അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു.

നാട്ടുകാര്‍പോലും കയറാന്‍ മടിക്കുന്ന കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമില്ലാത്ത ലിഗ എങ്ങനെ എത്തിയെന്നും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരംമാത്രമാണു കണ്ടല്‍ക്കാട്ടിലേക്ക്. 

വിദേശവനിത പൊന്തക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നു സമീപവാസിയായ സ്ത്രീ പറഞ്ഞതായി മീന്‍പിടിക്കാനെത്തിയ മൂന്നുയുവാക്കള്‍ പോലീസിന് മൊഴിനല്‍കിരുന്നു. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്നാണു സ്ത്രീയുടെ മൊഴി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.