ലിഗയുടെ മരണം: അന്വേഷണം കോവളത്ത് നിന്നും മുങ്ങിയ ഗൈഡുമാരിലേക്കും

Thursday 26 April 2018 12:01 pm IST

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന് പിന്നിലെ ദൂരൂഹത നീക്കാന്‍ കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. 

ലിഗയുടെ മരണ  പുറത്തറിഞ്ഞതിന് ശേഷം കോവളത്ത് നിന്നും മുങ്ങിയ ഗൈഡുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ചില മയക്കുമരുന്ന് സംഘങ്ങളും ഒറ്റയ്ക്ക് എത്തുന്ന വിദേശികളെ പാട്ടിലാക്കി ഇവിടേക്ക് എത്തിക്കുന്ന സംഘങ്ങളുമൊക്കെ പ്രദേശത്ത് സജീവമാണെന്ന വിവരവും കിട്ടിയിട്ടുണ്ട്.  കൂടാതെ വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. 

ലിഗയുടേതല്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു. ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി എലിസ വസ്ത്രങ്ങള്‍ ലിഗയുടേത് തന്നെയെന്ന് മൊഴി നല്‍കിയെങ്കിലും ഓവര്‍ കോട്ട് ലിഗയുടേത് അല്ലെന്ന് പറഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. വിദേശ നിര്‍മ്മിതമായ ഒരു ബ്രാന്‍ഡഡ് ഓവര്‍ കോട്ടാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. കോവളത്തും പരിസരത്തുമുള്ള കടകളില്‍ അന്വേഷിച്ചെങ്കിലും അവിടെയൊന്നും ഈ ബ്രാന്‍ഡില്‍ പെട്ട ഓവര്‍ കോട്ട് വില്‍ക്കുന്നില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. മാത്രമല്ല ലിഗയുടെ കൈയ്യില്‍ ഇത്തരമൊരു കോട്ട് വാങ്ങാനുള്ള പണവും ഉണ്ടായിരുന്നില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.