ഹര്‍ജി തള്ളി; ഇന്ദു മല്‍ഹോത്രയ്ക്ക് ജഡ്ജിയാകാം

Thursday 26 April 2018 3:16 pm IST
ഭരണഘടന അനുശാസിക്കുന്നതും ഇന്ദു മല്‍ഹോത്രയുടെ നിയമനം നടപ്പാക്കാനാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്ത വ്യക്തിയുടെ പേര് മടക്കി അയയ്ക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂദല്‍ഹി: ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്ങ് നല്‍കിയ പരാതി സുപ്രീം കോടതി തള്ളി. 

ബാര്‍ അസോസിയേഷന്‍ അംഗം കൂടിയായ അഭിഭാഷകയുടെ നിയമനം നീട്ടിവെയ്ക്കാനാവശ്യപ്പെട്ട് അഭിഭാഷകര്‍ തന്നെ പരാതി നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതും സങ്കല്പിക്കാനാവാത്തതുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് അത്ഭുതം പ്രകടിപ്പിച്ചു. ഭരണഘടന അനുശാസിക്കുന്നതും ഇന്ദു മല്‍ഹോത്രയുടെ നിയമനം നടപ്പാക്കാനാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്ത വ്യക്തിയുടെ പേര് മടക്കി അയയ്ക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ പുനഃ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ യോഗ്യതയില്‍ സംശയം പ്രകടിപ്പിച്ച കേന്ദ്രം, ഇന്ദു മല്‍ഹോത്രയുടെ നിയമനം ശരിവെയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് ജോസഫിനൊപ്പം ജഡ്ജിയായി നിയമനം ലഭിച്ച ഇന്ദു മല്‍ഹോത്രയുടെ നിയമനവും നിര്‍ത്തിവെയ്ക്കാന്‍ ഇന്ദിരാ ജയ്‌സിങ്ങ് പരാതി നല്‍കിയത്.

ഏഴാമത്തെ വനിത

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയാകും ഇവര്‍. ജസ്റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി. മല്‍ഹോത്രയുടെ മകളാണ് ഇന്ദു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.