മലപ്പുറത്തു കണ്ടതു നാളത്തെ കേരളം

Friday 27 April 2018 2:08 am IST
വിഷുത്തലേന്നു താനൂരില്‍ നടന്ന അക്രമാസക്തമായ പ്രകടനം എന്തിനായിരുന്നു എന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. വിഷു ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന താനൂര്‍ ടൗണില്‍ രണ്ട് കടകള്‍ക്ക് മുമ്പില്‍ പ്രകോപനപരമായ പ്രകടനങ്ങള്‍ നടന്നു. കാട്ടുങ്ങല്‍ ഉണ്ണിയുടെ പടക്കക്കട, മഠത്തില്‍ സ്റ്റോഴ്‌സ് എന്നിവക്ക് നേരെയായിരുന്നു പ്രകോപന പ്രകടനം.

കൊല്ലത്തും തിരുവനന്തപുരത്തുമുള്ള അഞ്ച് യുവാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലും അക്രമവും എന്ന നിലയിലേക്ക് ചെറുതാക്കാനാണ് ഭരണകൂടവും പോലീസും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. ഹര്‍ത്താല്‍ അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് പറയുമ്പോള്‍ത്തന്നെ അറസ്റ്റിലായ യുവാക്കളുടെ ആഹ്വാനത്താലാണ് എസ്ഡിപിഐപോലെയുള്ള തീവ്ര സംഘടനകളുടെ അണികള്‍ തെരുവിലിറങ്ങി അക്രമം കാണിച്ചത് എന്ന് തൊണ്ട തൊടാതെ വിഴുങ്ങണമെന്നുമാണ് ഇവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

വിഷുത്തലേന്നു താനൂരില്‍ നടന്ന അക്രമാസക്തമായ പ്രകടനം എന്തിനായിരുന്നു എന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. വിഷു ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്ന താനൂര്‍ ടൗണില്‍ രണ്ട് കടകള്‍ക്ക് മുമ്പില്‍ പ്രകോപനപരമായ പ്രകടനങ്ങള്‍ നടന്നു. കാട്ടുങ്ങല്‍ ഉണ്ണിയുടെ പടക്കക്കട, മഠത്തില്‍ സ്റ്റോഴ്‌സ് എന്നിവക്ക് നേരെയായിരുന്നു പ്രകോപന പ്രകടനം. പടക്കക്കടയ്ക്ക് മുമ്പില്‍ പന്തം കൊളുത്തി നടത്തിയ പ്രകടനക്കാരെ നിയന്ത്രിക്കാന്‍ പോലും പോലീസുണ്ടായിരുന്നില്ല. വിളിച്ചാല്‍ വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ താനൂര്‍ ടൗണില്‍ തന്നെയാണ് പോലീസ് സ്റ്റേഷന്‍.   15 ന് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും പ്രകടനം നടന്നു. താനൂര്‍ ടൗണില്‍  വൈകിട്ട് അക്രമാസ്‌ക്തമായ പ്രകടനം നടന്നു. തൊട്ടടുത്തചിറക്കലിലേക്ക് പ്രകടനം നീങ്ങുകയും വന്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുമുണ്ടെന്ന് കണക്കുകൂട്ടിയ പോലീസ് പ്രകടനം വഴിക്കുവെച്ച് തടയുകയായിരുന്നു. തിരിച്ചുവന്ന പ്രകടനമാണ് ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 16ന് നടക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്ന ഹര്‍ത്താലിന്റെ മുന്നൊരുക്കങ്ങള്‍ 14നും 15 നുമായി നടന്നുവെന്ന് ചുരുക്കം.

16ന് താനൂരില്‍ നടന്ന അക്രമവും ആസൂത്രിതമായിരുന്നു. സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോവുക പതിവാണ്. എന്നാല്‍ 16ന് കടലോര മേഖലയില്‍ ഒരു ബോട്ടുപോലും കടലിലിറങ്ങിയില്ല. നിശ്ചലമായിരുന്നു കടലോരം. താനൂരില്‍ അക്രമാസക്തമായ പ്രകടനം ആറു കടകള്‍ക്ക് നേരെ തിരിയുകയാണുണ്ടായത്. ഒന്നും തുറന്നുവെച്ച കടകളായിരുന്നില്ല. പൂട്ട് തകര്‍ത്തുകൊണ്ടാണ് അക്രമികള്‍ കടകളില്‍ കയറി താണ്ഡവമാടിയത്. കെ.ആര്‍. ബേക്കറിയുടെ  രണ്ട് നിലകളിലായുള്ള ബേക്കറി പൂര്‍ണ്ണമായും തകര്‍ക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ പ്രദേശത്ത് അക്രമം നടന്നിട്ടും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ആരും തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ല. കശ്മീര്‍ മോഡലില്‍ കല്ലെറിഞ്ഞുകൊണ്ടാണ് അക്രമികള്‍  നേരിട്ടത്. ഈ കല്ലേറില്‍ മറ്റു ചില കടകള്‍ക്കും നാശനഷ്ടമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് എല്ലാ മതസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കടകള്‍ക്ക് നേരെ അക്രമമുണ്ടായെന്നു വാദിച്ച് അക്രമത്തിന്റെ വര്‍ഗീയഛായ തേച്ചുമാച്ചു കളയാന്‍ ചില മന്ത്രിമാരും രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്. 

ദ്രുതകര്‍മ്മ സേന രംഗത്തെത്തിയതോടെയാണ് താനൂരില്‍ തെല്ലെങ്കിലും സമാധാനം പുലര്‍ന്നത്. ലോക്കല്‍ പോലീസ് ക്രമസമാധാനം നില നിര്‍ത്തുന്നതില്‍ പൂര്‍ണ്ണ പരാജയമാവുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ ഇടപ്പയില്‍ ജയന്‍ 'സഖാക്കള്‍ അക്രമത്തില്‍ നിന്ന് പിന്തിരിയണ'മെന്ന്  സാമൂഹ്യ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശം നല്‍കി.  കെആര്‍ ബേക്കറി അക്രമിച്ച സംഘത്തില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് എന്നുകൂടി ഇതിനോട് ചേര്‍ത്തു വായിക്കണം.

അക്രമത്തില്‍ 15 പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ച അക്രമികള്‍ പോലീസിനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. മാറാക്കര വിവിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്ന ഏക കാരണത്താല്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കും നീതി ലഭിക്കണമെന്ന ആവശ്യം മാത്രമേ ആ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നുള്ളു. എന്നാല്‍ നിമിഷങ്ങള്‍ക്കകം വന്‍ പ്രകടനം ആസൂത്രണം ചെയ്യുകയും അദ്ധ്യാപകന്റെ സസ്‌പെന്‍ഷനിലേക്ക് രാഷ്ട്രീയ സമ്മര്‍ദ്ദം എത്തുകയുമായിരുന്നു. പൂരപ്പുഴയില്‍ ഗുരൂവായൂര്‍ ഭക്തസംഘത്തെ തടഞ്ഞു വച്ചു. സ്ഥലത്തെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സംരക്ഷണത്തില്‍ ഒരു ദിവസം ഇവര്‍ക്ക് കഴിയേണ്ടിവന്നു.

തിരൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ബാലകൃഷ്ണനെ തടഞ്ഞതാണ് അക്രമികള്‍ക്ക് വിനയായത്. മജിസ്‌ട്രേറ്റ് തെളിവ് സഹിതം അക്രമത്തിന്റെ വിശദാംശങ്ങള്‍ പോലീസിന് കൈമാറിയതോടെ നടപടിയെടുക്കാന്‍ പോലീസ് നേതൃത്വം നിര്‍ബന്ധിതമായി. 

ആസൂത്രിതമായിരുന്നു ഹര്‍ത്താല്‍ എന്നും കൊല്ലത്തും തിരുവനന്തപുരത്തും അറസ്റ്റിലായവരല്ല മലപ്പുറത്തെയും മലബാറിലേയും ഹര്‍ത്താലിനും അക്രമത്തിലും പിന്നിലെന്നും തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ മലപ്പുറത്ത് ഉണ്ട്. ഒരു ഹര്‍ത്താലിലും കടയടയ്ക്കാത്ത താനാളൂരില്‍ ഹര്‍ത്താല്‍ നിരോധിത മേഖലയെന്നാണറിയപ്പെടുന്നത്. എന്നാല്‍ 16ന്റെ ഹര്‍ത്താല്‍ താനാളൂരില്‍ സമ്പൂര്‍ണ്ണമായിരുന്നു. പുത്തനത്താണി, മഞ്ചേരി, വണ്ടൂര്‍, പെരിന്തല്‍മണ്ണ, വൈലത്തൂര്‍, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, മഞ്ചേരി എന്നീ മേഖലകളില്‍ സമാനമായ അക്രമങ്ങളാണ് നടന്നത്. അക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം അട്ടിമറിക്കാന്‍ അണിയറയില്‍ തകൃതിയായ ശ്രമം നടക്കുകയാണ്.  കേസന്വേഷണം ഭീകരവാദികള്‍ക്കനുകൂലമായി അട്ടിമറിച്ച പാരമ്പര്യമുള്ള ഡിവൈഎസ്പി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ പല സുപ്രധാന കേസുകളുടെയും അന്വേഷണ ചുമതല ഈ ഉദ്യോഗസ്ഥനായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇരുനിലത്ത് രവിയുടെ കൊലപാതക കേസ് പ്രതികളെ വെറുതെ വിടാനിടയാക്കിയത് അന്വേഷണത്തിലെ പാകപ്പിഴകളായിരുന്നു.  

കേസ് അട്ടമിറിക്കാനുള്ള പഴുതുകള്‍ എന്തൊക്കെയെന്ന് കൃത്യമായറിയാവുന്നവര്‍ തയാറാക്കുന്ന തിരക്കഥയാണ് കുറ്റപത്രമായി മാറുന്നത്.  ഭീകരവാദ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കേസുകളില്‍ പോലും കൃത്രിമം കാണിക്കാന്‍  ശ്രമിക്കുന്നവര്‍ ഇപ്പോഴും അണിയറയില്‍ ഹര്‍ത്താല്‍ അക്രമത്തിന്റെ കേസ് അട്ടിമറിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. പോലീസും ഭീകരവാദ സംഘടനകളും  ഇടത്-വലത് മുന്നണികളും ഒരു വിഭാഗം മാധ്യമങ്ങളും ഒത്തുചേരുകയാണ് മലപ്പുറത്ത്. നാളത്തെ കേരളം എന്തായിരിക്കുമെന്ന് ഇന്നത്തെ മലപ്പുറം തെളിയിക്കുന്നു. ഇതിനെതിരെ ജാഗ്രതയും രാഷ്ട്രീയ പ്രബുദ്ധതയും ഉയര്‍ന്നുവരേണ്ട സമയമായിരിക്കുന്നു. 

(അവസാനിച്ചു)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.