കൊച്ചി ടോള്‍ കുരുക്കില്‍: നഗരത്തിഞ്ചുറ്റും ഏഴ്‌ ടോള്‍ ബൂത്തുകള്‍

Sunday 19 June 2011 11:01 am IST

കൊച്ചി: വാഹനയാത്രികരെ കുരുക്കാനായി വിശാല കൊച്ചിക്കുചുറ്റും അധികൃതര്‍ ഒരുക്കിയിരിക്കുന്നത്‌ ഏഴ്‌ ടോള്‍ കെണികള്‍. അങ്കമാലി-ഇടപ്പള്ളി നാലുവരി പാതയിലെ ഉള്‍പ്പെടെയുള്ള ടോള്‍ ബൂത്തുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പണം നല്‍കാതെ പുറത്തുനിന്നും വരുന്ന ഒരു വാഹനത്തിനും നഗരം വഴി കടന്നുപോവാന്‍ കഴിയില്ല എന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി.<br/> കൊച്ചി, പറവൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ കൊച്ചിയിലേക്ക്‌ കടക്കണമെങ്കില്‍ വരാപ്പുഴ പാലത്തിന്‌ ടോള്‍ ഫീസ്‌ നല്‍കണം. യാത്ര ഐലന്റിലേക്കോ, ഫോര്‍ട്ടുകൊച്ചിയിലേക്കോ ആണെങ്കില്‍ തുക യഥാക്രമം 22.50 രൂപയും 25 രൂപയും ബൈപ്പാസ്‌ വഴിയുള്ള യാത്രക്ക്‌ ടോള്‍ ഇനത്തില്‍ ചെലവാകും. അങ്കമാലി ഭാഗത്തുനിന്നാണെങ്കില്‍ കൊച്ചിയിലേക്ക്‌ 20 രൂപയും ആലപ്പുഴ, തോപ്പുംപടി, ഐലന്റ്‌ എന്നിവിടങ്ങളിലേക്ക്‌ കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക്‌ ഓരോ സ്ഥലങ്ങളിലേക്കും 40, 37.50, 35 രൂപ എന്നിങ്ങനെ ടോള്‍ നല്‍കണം. നഗരത്തിലെ തേവരയില്‍ നിന്നും തിരക്കില്‍പ്പെടാതെ ചേര്‍ത്തല ഭാഗത്തേക്ക്‌ ബൈപ്പാസ്‌ വഴി പോകാന്‍ 27.50 രൂപ അധികച്ചെലവു വരും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിരക്കില്‍പ്പെടാതെ ബൈപ്പാസ്‌ വഴി ആലുവ ഭാഗത്തേക്ക്‌ യാത്രചെയ്യാന്‍ ഇരുവശത്തേക്കുമായി 17.50 രൂപയും അങ്കമാലിക്കപ്പുറത്തേക്കാണ്‌ യാത്രയെങ്കില്‍ 37.50 രൂപയും ടോള്‍ നല്‍കണം.<br/> ആലപ്പുഴ ഭാഗത്തുനിന്നും അങ്കമാലി, തൃശൂര്‍ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡില്‍കൂടി വാഹനം ഓടിച്ചാല്‍ മൂന്നിടത്ത്‌ ടോള്‍ പിരിവുകാര്‍ പിടികൂടും. കുമ്പളം, ഇരുമ്പനം കൂടാതെ അങ്കമാലിയിലെ നാലുവരിപ്പാതയുടെ പുതിയ ടോള്‍. തുക 47.50 രൂപ പോക്കറ്റില്‍ നിന്നും കാലിയാവും. യാത്ര വൈറ്റില വഴിയാണെങ്കില്‍ ഇത്‌ 40 രൂപയാക്കി ചുരുക്കാം.<br/> നഗരപരിധി വഴി കടന്നുപോകുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ നഗരവാസികള്‍ക്ക്‌ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ ഇന്ധനം പാഴാകുന്നതോടൊപ്പം തന്നെ ടോള്‍ നല്‍കി കീശയും കാലിയാവും. വരാപ്പുഴ വഴി പറവൂര്‍, ആലുവ വഴി അങ്കമാലി, തൃശൂര്‍ എന്നിവിടങ്ങളിലേക്കും തോപ്പുംപടി വഴി ഫോര്‍ട്ടുകൊച്ചി, തേവര വഴി വെല്ലിംഗ്ടണ്‍ ഐലന്റ്‌, അരൂര്‍ വഴി ആലപ്പുഴ എന്നിവിടങ്ങളിലേക്കെല്ലാം യാത്ര ചെയ്യാന്‍ ടോള്‍ഫീസായി പണം നല്‍കണം.<br/> തൊട്ടടുത്തുകിടക്കുന്ന തമിഴ്‌നാട്‌ തലസ്ഥാനമായ ചെന്നൈയിലെ സ്ഥിതി പരിശോധിച്ചാല്‍ 320 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മെട്രോ പരിസരങ്ങളിലായി 3 ടോള്‍ബൂത്തുകള്‍ മാത്രമാണുള്ളത്‌. ഫ്ലൈ ഓവറുകളുടെയും ബൈപ്പാസുകളുടെയും പാലങ്ങളുടെയും എണ്ണം 33. ബംഗളുരുവിലാണെങ്കില്‍ 24 ഫ്ലൈ ഓവറുകളും 8 അണ്ടര്‍ പാസുകളും 9 ബൈപ്പാസുകളുമുള്ള നഗരപരിധിക്കുള്ളില്‍ നാലിടത്താണ്‌ ടോള്‍ ഫീസ്‌ വാഹനങ്ങളില്‍ നിന്നും ഈടാക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.