ഉപതെരഞ്ഞെടുപ്പ്: രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറം മങ്ങും

Friday 27 April 2018 2:16 am IST

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറം മങ്ങും. പെരുമാറ്റചട്ടം ആലപ്പുഴ ജില്ലയ്ക്ക് മാത്രമാണ് ബാധകമെങ്കിലും സംസ്ഥാന വ്യാപകമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് തടസ്സമാകും.

മെയ് 25നാണ് രണ്ടാം വാര്‍ഷികാഘോഷം. ഒരാഴ്ചത്തെ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനു മുന്നോടിയായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്താനിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ക്കും അല്ലാതെയും ലക്ഷക്കണക്കിന് രൂപയുടെ പരസ്യവും അണിയറയില്‍ തയ്യാറായി വരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉണ്ടെങ്കിലേ ഇനി പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. പരസ്യവും പദ്ധതികളും തയ്യാറാക്കി കമ്മീഷന് നല്‍കണം. ചെങ്ങന്നൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന എന്തെങ്കിലും അതില്‍ ഉണ്ടെങ്കില്‍ കമ്മീഷന്‍ തടയും.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 5നകം നടക്കുമെന്ന ധാരണയിലാണ് രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോപ്പുകൂട്ടിയത്. തെരഞ്ഞെടുപ്പ് നീണ്ടു പോയേതാടെ ജൂണ്‍ അവസാനവാരം നടക്കുമെന്ന ധാരണയിലായിരുന്നു സര്‍ക്കാര്‍. ആഘോഷങ്ങള്‍ക്കായി എല്ലാ ജില്ലയിലും വിവിധകമ്മറ്റികളും രൂപീകരിച്ചിരുന്നു. ആഘോഷപരിപാടികള്‍ എങ്ങനെ നടത്തണമെന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കളക്ടര്‍മാര്‍ അവലോകനയോഗവും ചേര്‍ന്നിരുന്നു. ഇതിനെല്ലാം ഇനി നിയന്ത്രണമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.