അട്ടപ്പാടിയില്‍ കേന്ദ്ര പദ്ധതി പൊളിക്കാന്‍ രാഷ്ട്രീയ നീക്കം

Friday 27 April 2018 2:48 am IST

പാലക്കാട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് അട്ടപ്പാടിയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊളിക്കാന്‍ ഇടത്, വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം തുടങ്ങി. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) അട്ടപ്പാടിയില്‍ ഊരുസമിതികള്‍ വഴി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങുന്നതിനിടയിലാണ് ഇത് പൊളിച്ചടുക്കാന്‍ പഞ്ചായത്ത് ഭരണ സമിതികളും പാര്‍ട്ടികളും ശ്രമിക്കുന്നത്.

കഴിഞ്ഞാഴ്ച തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ വിളിച്ച യോഗത്തില്‍ നിന്ന്  ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയിരുന്നു. ഊരുസമിതികളിലൂടെ  വനവാസികള്‍ക്ക് 200ദിവസം തൊഴിലുറപ്പാക്കാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കാനാണ് യോഗം വിളിച്ചത്. കുടുംബശ്രി സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇതിനു പിറകെ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ വ്യക്തിഹത്യ ചെയ്യുന്ന സന്ദേശവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി.

അട്ടപ്പാടിയില്‍ ശിശുമരണവും  രോഗങ്ങളും വ്യാപകമായതിനാലാണ് കേന്ദ്രം  എന്‍ആര്‍എല്‍എം വഴി വികേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയത്. സമഗ്ര ആദിവാസി വികസന പദ്ധതി (സിടിഡിപി)എന്ന പേരിലാണ് നടപ്പാക്കുന്നത്. 663 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും  126 ഊരുസമിതികള്‍ വഴി അവ ഏകോപിപ്പിക്കുകയും ചെയ്താണ് പ്രവര്‍ത്തനം.60% തുക കേന്ദ്ര സര്‍ക്കാരും 40% തുക സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്.

പഠനമുപേക്ഷിച്ച 93 വനവാസിക്കുട്ടികളെ സ്‌കൂളില്‍ തിരിച്ചെത്തിച്ചതു മുതല്‍ മത്സര പരീക്ഷ പരിശീലനം, പരമ്പരാഗത കാര്‍ഷിക ഉത്പ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും തുടങ്ങി പതിമൂന്നോളം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ടെന്ന് ഊരുസമിതികള്‍ സാക്ഷ്യപ്പെടുത്തുന്നു.ഈ പ്രവര്‍ത്തന മികവ് കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക അടുക്കള പദ്ധതി നടത്തിപ്പ് അയല്‍ക്കൂട്ടങ്ങളെ ഏല്‍പ്പിച്ചത്. 

 പ്രാദേശിക ഭരണ സമിതികള്‍ക്ക് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനോ നിയന്ത്രിക്കാനോ കഴിയാത്തതാണ് ഇപ്പോഴത്തെ നീക്കത്തിന്  കാരണം. വനവാസികളുടെ പേരില്‍ തട്ടിപ്പുനടത്തുകയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.