പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 15 വര്‍ഷം തടവ്

Friday 27 April 2018 2:51 am IST

കല്‍പ്പറ്റ: പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ അമ്പലവയല്‍ വികാസ് കോളനിയിലെ പ്രമോദിനെ 15 വര്‍ഷം കഠിന തടവിനും 75000 രൂപ പിഴയടയ്ക്കാനും വിധിച്ചു. 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള കല്‍പ്പറ്റയിലെ സ്‌പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരമാണ് വിധി പുറപ്പെടുവിച്ചത്. ഭര്‍ത്താവ് മരിച്ചതിനുശേഷം മറ്റൊരാളുടെ കൂടെ താമസിക്കുകയായിരുന്ന സ്ത്രീയുടെ ആദ്യ ബന്ധത്തിലെ മകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് കേസ്. 

കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും വിവരം പറഞ്ഞില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിങ് നടത്തിയതിനെതുടര്‍ന്നാണ് വിവരം പുറത്തായത്. മീനങ്ങാടി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കില്‍ തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. കേരളാ വിക്റ്റിംഗ് കോമ്പന്‍സേഷന്‍ സ്‌കീമില്‍നിന്ന് ഒരുലക്ഷം രൂപയും കുട്ടിക്ക് നല്‍കും. ഇത് കുട്ടിക്ക് 20 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലഭിക്കും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.