വനിതാ കമ്മീഷന്റെ സിപിഎം കേന്ദ്രകമ്മറ്റി അംഗത്വം പ്രതിഷേധം ശക്തമാകുന്നു

Friday 27 April 2018 2:53 am IST

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.സി. ജോസഫൈന്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തം. കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ത്രീകളുടെ സംരക്ഷണവും അവര്‍ക്ക് നീതിയും ഉറപ്പാക്കേണ്ട ചുമതല  സംസ്ഥാന വനിതാകമ്മീഷന്റെ അധ്യക്ഷപദവിക്കുണ്ട്. എം.സി. ജോസഫൈന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തതും വീണ്ടും കേന്ദ്രകമ്മറ്റി അംഗമായതും കമ്മീഷന്‍ പ്രവര്‍ത്തനത്തെ രാഷ്ട്രീയവത്കരിക്കാനാണെന്ന ആരോപണവും ശക്തമാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍   രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആരോപിക്കുമ്പോഴാണ് വനിതാ കമ്മീഷന്‍  അധ്യക്ഷയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ഈ വാര്‍ത്ത 'ജന്മഭൂമി' കഴിഞ്ഞ ദിവസം നല്‍കിയിന്നു.    

വാര്‍ത്തയെ തുടര്‍ന്ന് കക്ഷി രാഷ്ട്രീയ ഭേദനമന്യേ നിരവധി വനിതാപ്രവര്‍ത്തരാണ് കമ്മീഷന്‍ അധ്യക്ഷയക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയത്. സിപിഎം ആക്രമണങ്ങള്‍ക്ക് ഇരയായ നിരവധി സ്ത്രീകളുടെയും അമ്മമാരുടെയും പരാതികള്‍ കമ്മീഷനില്‍ കെട്ടികിടക്കുകയാണ്. അതിലെല്ലാം കമ്മീഷന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് വനിതാ പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നത്.

രാഷ്ട്രീയത്തിന് അതീതമാകണം കെ.സി. റോസക്കുട്ടി (വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ)

വനിതാ കമ്മീഷന്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ സംവിധാനമാണ്. രാഷ്ട്രീയ പ്രവര്‍ത്തന ത്തോടൊപ്പം കമ്മീഷന്‍ പ്രവര്‍ത്തനത്തെയും കൊണ്ടുപോകുന്നത് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. രാഷ്ട്രീയ പ്രവര്‍ത്തനം കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുണ്ടാക്കും. 

അധ്യക്ഷസ്ഥാനം ഒഴിയണം ശോഭാ സുരേന്ദ്രന്‍ (ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി)

നീതിയുക്തമായ പദവിയാണ് വനിതാകമ്മീഷന്റേത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആ പദവിയിലേക്ക് വരുമ്പോള്‍ അതിന്റെ മഹത്വം അറിഞ്ഞ് പ്രവര്‍ത്തിക്കണം. മുന്‍കാലങ്ങളില്‍ ആസ്ഥാനത്തിരുന്നവര്‍ അതിനോട് നീതിപുലര്‍ത്തിയവരാണ്. 

നീതി ലഭിക്കാതെ വരും സി.കെ. ജാനു

നീതിനിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക്  കക്ഷിരാഷ്ട്രീയ ഭേദമെന്യേഅഭയം പ്രാപിക്കാനാകുന്ന ഇടമാണ് വനിതാകമ്മീഷന്‍. അധ്യക്ഷതന്നെ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാല്‍ എല്ലാവര്‍ക്കും നീതി ലഭിക്കാതെ വരും.  പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ അതിലും രാഷ്ട്രീയം കലരും. വനിതാകമ്മീഷന്‍ സ്വതന്ത്രമായിരിക്കണം. ഇപ്പോള്‍  അതിന് സാധിക്കുന്നില്ല. 

സ്ത്രീകളോടുള്ള വെല്ലുവിളി രേണു സുരേഷ് (മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ)

നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളോട് ഇടത് സര്‍ക്കാര്‍ കാട്ടുന്ന വെല്ലുവിളിയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ സിപിഎം കേന്ദ്രകമ്മറ്റി അംഗത്വം. പരാതിയുമായി എത്തുന്നവരുടെ രാഷ്ട്രീയം നോക്കി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന പാര്‍ട്ടി ഓഫീസുപോലെയാകും കമ്മീഷനും. അധ്യക്ഷസ്ഥാനത്തോട് നീതി പുലര്‍ത്താന്‍ ആ സ്ഥാനത്തിരിക്കുന്നവര്‍ തയ്യാറാകണം. സിപിഎം കേന്ദ്ര കമ്മറ്റി അംഗത്വമാണ് വേണ്ടതെങ്കില്‍ അധ്യക്ഷ സ്ഥാനം രാജിവച്ച് കമ്മീഷന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

സിപിഎം പ്രവര്‍ത്തകര്‍ പ്രതിയായാല്‍ എന്തുചെയ്യും ബിന്ദുകൃഷ്ണ ( മഹിളാകോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ)

കമ്മീഷന്‍ അധ്യക്ഷയുടെ സിപിഎം പ്രവര്‍ത്തനം അനുചിതമാണ്. അശരണരായി എത്തുന്നവര്‍ക്ക് വനിതാകമ്മീഷന്‍ ആക്ടിന്റെ ആനുകൂല്യം പോലും കിട്ടാത്ത സ്ഥിതിയാണ്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായി എത്തുന്ന കേസുകളില്‍ സിപിഎം കേന്ദ്രകമ്മറ്റി അഗം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ നിലയില്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് അപഹാസ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.