കുട്ടനാട്ടിലെ വായ്പ തട്ടിപ്പ്: ഫാ. പീലിയാനിക്കലിനെതിരെ അതിരൂപത അന്വേഷണം തുടങ്ങി

Friday 27 April 2018 2:54 am IST

ആലപ്പുഴ: കോടികളുടെ കാര്‍ഷിക വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതി ഫാ. തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപത അന്വേഷണം തുടങ്ങി. കുട്ടനാട് വികസന സമിതിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ ഫാ. പീലിയാനിക്കല്‍ കുന്നുമ്മ പള്ളിയിലെ വികാരിയുമാണ്. പീലിയാനിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

  ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സംഭവം ഗൗരവത്തിലെടുക്കാന്‍ സഭ നിര്‍ബന്ധിതമായത്. അതിരൂപതയുടെ സാമൂഹ്യസേവന പ്രസ്ഥാനമായ ചാസിന്റെ (ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി) മുന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗകമ്മറ്റിയാണ്  അന്വേഷിക്കുന്നത്.

  പുരോഹിതര്‍ക്ക് പുറമെ  അഭിഭാഷകനും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അടക്കമുള്ളവരുമാണ് സമിതിയില്‍. തട്ടിപ്പു കേസ് സഭയ്ക്ക് മാനക്കേട് ഉണ്ടാക്കിയ സാഹചര്യത്തില്‍ പരാതിക്കാരെ സ്വാധീനിക്കാനും ശ്രമമുണ്ട്. ജപ്തി നോട്ടീസ് ലഭിച്ചവരുടെ വായ്പ തുക ബാങ്കില്‍ തിരിച്ചടച്ച് പ്രശ്‌നം അവസാനിപ്പിക്കാനാണ് നീക്കം. ബാങ്കുകള്‍ പോലീസില്‍ പരാതി നല്‍കാത്തത് ഈ ഉറപ്പ് ലഭിച്ചതിനാലാണ്.

 എന്നാല്‍ പീലിയാനിക്കലിനെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം പുരോഹിതര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു. പലിശയ്ക്ക് വായ്പ എടുത്തവരോട് കമ്മീഷന്‍ ഇനത്തില്‍ പണം വാങ്ങിയത് നിയമപരമായും ധാര്‍മ്മികപരമായും ശരിയല്ലെന്നാണ് അവര്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപതാധ്യക്ഷന്‍ നടപടി സ്വീകരിക്കമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കേസ് നടപടികള്‍ അവസാനിച്ച ശേഷം സ്ഥലംമാറ്റത്തില്‍ നടപടി അവസാനിക്കാനാണ് സാദ്ധ്യത. 

  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും സഭയുടെ പിന്തുണ ആവശ്യമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് സഭാ നേതൃത്വം കരുതുന്നില്ല. ഈ സാഹചര്യത്തില്‍ വായ്പകള്‍ അടച്ചു തീര്‍ത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു. കേസിലെ ഒന്നാം പ്രതി റോജോ ജോസഫിനെകൊണ്ട്  തട്ടിപ്പില്‍ പങ്കില്ലെന്നു പറയിപ്പിക്കാനും ശ്രമം നടക്കുന്നതായും അറിയുന്നു.

  കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ട് 150 കോടി രൂപ തട്ടിയെടുത്തതില്‍ പുരോഹിതനും, എന്‍സിപി നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. റോജോ ജോസഫിനും പങ്കുള്ളതായി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.