മ്യൂണിക്ക് കടന്ന് റയല്‍

Friday 27 April 2018 3:05 am IST
സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പിന്തുണയോടെ കളിച്ച ബയേണ്‍ 28-ാം മിനിറ്റില്‍ കിമ്മിക്കിന്റെ ഗോളില്‍ മുന്നില്‍ക്കയറി. പക്ഷെ , പോരാട്ടം മുറുക്കിയ റയല്‍ മാഡ്രിഡ് മാഴ്‌സലോയുടെ ഗോളില്‍ ബയേണിനൊപ്പം എത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അസന്‍സിയോ നിര്‍ണായക ഗോളിലൂടെ റയലിന് വിജയവും സമ്മാനിച്ചു.

മ്യൂണിക്ക് : പകരക്കാരുടെ ബെഞ്ചില്‍ നിന്ന് കളിക്കളത്തിലിറങ്ങിയ മാര്‍ക്കോ അസന്‍സിയോയുടെ  ഗോളില്‍ റയല്‍ മാഡ്രിഡ് വിജയപ്പടവുകള്‍ കയറി  ചാമ്പ്യന്‍ലീഗ് കിരീടത്തിനരികിലെത്തി. അലയന്‍സ് അരീനയില്‍ അരങ്ങേറിയ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദസെമിയില്‍ റയല്‍ മാഡ്രിഡ്  ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചു.

തുടക്കത്തില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ റയല്‍ ശക്തമായ പോരാട്ടത്തില്‍ പൊരുതിക്കയറുകയായിരുന്നു. ഭാഗ്യവും അവര്‍ക്കൊപ്പം നിന്നതോടെ വിജയത്തിലേക്ക് പിടിച്ചുകയറി. അടുത്ത ചൊവ്വഴ്ച നടക്കുന്ന രണ്ടാം പാദസെമിയില്‍ തോല്‍ക്കാതിരുന്നാല്‍ റയലിന് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കാം.

സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പിന്തുണയോടെ കളിച്ച ബയേണ്‍ 28-ാം മിനിറ്റില്‍ കിമ്മിക്കിന്റെ ഗോളില്‍ മുന്നില്‍ക്കയറി. പക്ഷെ , പോരാട്ടം മുറുക്കിയ റയല്‍ മാഡ്രിഡ് മാഴ്‌സലോയുടെ ഗോളില്‍ ബയേണിനൊപ്പം എത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അസന്‍സിയോ നിര്‍ണായക ഗോളിലൂടെ റയലിന് വിജയവും സമ്മാനിച്ചു. 2012 നു ശേഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ബയേണിനെതിരെ റയലിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്.

തുടക്കത്തില്‍ കളിമിടുക്കില്‍ മികച്ചുനിന്നത് ബയേണാണ്. രണ്ട് അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ഗോള്‍ അടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. റയലില്‍ നിന്ന് രണ്ട് വര്‍ഷത്തെ വായ്പ കരാറില്‍ ബയേണിലെത്തിയ ജയിംസ് റോഡ്രിഗ്‌സ് റയലിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ തീര്‍ത്ത് മുന്നേറി. എന്നാല്‍ അവരുടെ ക്യാപ്റ്റന്‍ തോമസ് മുള്ളറും ലിവന്‍ഡോസ്‌ക്കിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. കളിതുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ അര്‍ജന്‍ റോബന്‍ പരിക്കേറ്റ്  മടങ്ങി. തുടര്‍ന്ന് വലതു ബാക്ക് ജോഷ്വാ കിമ്മിക്കിനെ വലതു പാര്‍ശ്വത്തിലേക്ക് നീക്കി. ഈ നീക്കം ഫലം കണ്ടു. 28-ാം മിനിറ്റില്‍ ഗോളും പിറന്നു.

ബയേണ്‍ ഗോളി ഉള്‍റിച്ച് നീട്ടിക്കൊടുത്തു പന്തുമായി മുന്നേറിയ ജെയിംസ് കിമ്മിക്കിന് പാസ് നല്‍കി. ലക്ഷ്യം പിഴയ്ക്കാത്ത ഷോട്ടില്‍ കിമ്മിക്ക് പന്ത് റയലിന്റെ വലയിലാക്കി. 34-ാം മിനിറ്റില്‍ ബയേണിന്റെ ജെറോം ബോട്ടെങ്ങും പരിക്കേറ്റ് മടങ്ങി. പത്ത്് മിനിറ്റിനുശേഷം റയലിന്റെ സമനില ഗോള്‍ പിറന്നു. ഡാനി കര്‍വാജല്‍ ഗോള്‍മുഖത്തിനടുത്ത് നിന്ന് തലകൊണ്ട് നീട്ടിക്കൊടുത്ത പന്ത് കാലില്‍ കുരുക്കിയ മാഴ്‌സെലോക്ക് പിഴച്ചില്ല. പന്ത് ഗോള്‍ വര കടന്നുപോയി. ഈ സീസണില്‍ മാഴ്‌സെലോയുടെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് ഗോളാണിത്.

തൊട്ടടുത്ത നിമിഷം റയല്‍ ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ലവന്‍ഡോസ്‌ക്കിയുടെ ഹെഡര്‍ പിടിച്ചെടുക്കുന്നതില്‍ റയല്‍ ഗോളി നവാസ് പരാജയപ്പെട്ടു. പക്ഷെ പന്ത് ഉയര്‍ന്ന് പോയി.

റയല്‍ കോച്ച് സിനദില്‍ സിദാന്‍ രണ്ടാം പകുതിയില്‍ ഇസ്‌കോയ്ക്ക് പകരം അസന്‍സിയോയെ കളിക്കളത്തിലിറക്കി. ഇതിന് ഫലവും കിട്ടി. 57-ാം മിനിറ്റില്‍ റയലിന്റെ വിജയഗോള്‍ വന്നു. വാസ്‌ക്വസ് നല്‍കിയ പാസ് അസന്‍സിയോ അനായാസം ഗോള്‍ വര കടത്തിവിട്ടു.

അവസാന നിമിഷങ്ങളില്‍ പൊരുതിക്കളിച്ച ബയേണ്‍ ഒന്ന് രണ്ട് തവണ ഗോളിനടുത്തെത്തിയതാണ്. പക്ഷെ റയല്‍ ഗോളി നവാസും ദൗര്‍ഭാഗ്യവും അവര്‍ക്ക് വിനയായി. തോമസ് മുള്ളറുടെ ഗോളെന്നുറപ്പിച്ച ഷോട്ട് നവാസ് രക്ഷപ്പെടുത്തി.

അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ലവന്‍ഡോസ്‌ക്കിയുടെ ഷോട്ട് നവാസിനെ കീഴ്ടപ്പെടുത്തിയെങ്കിലും പന്ത് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.

ഈ സീസണില്‍ തുടര്‍ച്ചയായി പതിനൊന്ന് മത്സരങ്ങളില്‍ ഗോള്‍ നേടിയ റയലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയ്ക്ക് ബയേണിനെതിരെ ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ പന്ത് ഗോള്‍ വര കടത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.