ധോണി മിടുക്കന്‍: കോഹ്‌ലി

Friday 27 April 2018 3:04 am IST

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോണിയുടെ വെടിക്കെട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ് ലിയുടെ അഭിനന്ദനം. ധോണി അപാരഫോമിലാണ്. പിഴവില്ലാത്ത ഷോട്ടുകളിലൂടെയാണ് അദ്ദേഹം പന്തുകള്‍ അതിര്‍ത്തികടത്തിവിടുന്നതെന്ന് കോഹ്‌ലി പറഞ്ഞു.

മുന്നില്‍ നിന്ന് നയിച്ച ധോണി 34 പന്തില്‍ 70 റണ്‍സുമായി അജയ്യനായി നിന്ന് ഐപിഎല്ലില്‍ കോഹ്‌ലിയുടെ റോയല്‍സിനെതിരെ ചെന്നൈയക്ക് അഞ്ചു വിക്കറ്റ് വിജയം സമ്മാനിച്ചിരുന്നു. ധോണിയുടെ ബാറ്റില്‍ നിന്ന് ഏഴു പന്തുകള്‍ വേലിക്കെട്ടിന് മുകളിലൂടെ പറന്നു. ഓപ്പണര്‍ അമ്പാട്ടി റായിഡു എട്ട് സിക്‌സറുള്‍പ്പെടെ 82 റണ്‍സ് നേടി.

റോയല്‍സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ധോണിയുടെയും  റായിഡുവിന്റെയും മികവില്‍ ചെന്നൈ മറികടന്നു. അഞ്ചാം വിക്കറ്റില്‍ ധോണിയും  റായിഡുവും 101 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ബൗളിങ് മോശമായതാണ് പരാജയത്തിന് കാരണം.  അവസാന ഓവറുകളില്‍ അവര്‍ ഏറെ റണ്‍സ് വഴങ്ങിയെന്ന് കോഹ് ലി പറഞ്ഞു. ഓവര്‍ ശരാശരി കുറഞ്ഞതിനാല്‍ കോഹ്‌ലിയുടെ മത്സരത്തുക കുറയും.

മികച്ച ഫോം തുടരുന്ന ധോണി ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ചുറിയുള്‍പ്പെടെ 209 റണ്‍സ് നേടിയിട്ടുണ്ട്. റോയല്‍സിനെ വീഴ്ത്തിയതോടെ ചെന്നൈ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.