കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിനെതിരെ എഫ്.സി കേരളക്ക് തകര്‍പ്പന്‍ ജയം. പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ എഫ്.സി കേരള നാണം കെടുത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും എഫ്.സി കേരള നിലനിര്‍ത്തി. ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സിനെതിരെ എഫ്.സി കേരള വിജയം (32) നേടിയിരുന്നു.
എഫ്സി കേരളക്ക് വേണ്ടി ശ്രേയസ് ഹാട്രിക് നേടി. 18ാം മിനുറ്റില്‍ എം.എസ് ജിതിനിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. തുടര്‍ന്നായിരുന്നു ശ്രേയസിന്റെ ഹാട്രിക് പ്രകടനം. 36, 49, 56 മിനിറ്റുകളിലായിരുന്നു ശ്രേയസ് എതിരാളികളുടെ വല കുലുക്കിയത്. 70-ാം മിനിറ്റില്‍ ശൈബര്ലോങ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടി. കളിയുടെ അവസാന മിനിറ്റിലെ ഗോളിലൂടെ ഇ.കെ ഹാരിസ് എഫ്സി കേരളയുടെ ഗോള്‍ പട്ടിക തികച്ചു. ഏഴു മത്സരങ്ങളില്‍ നിന്നും 16 പോയിന്റാണ് എഫ്സി കേരളക്കുള്ളത്. ഓസോണ്‍ എഫ്.സിയോട് മാത്രമാണ് ടീം ഇതുവരെ തോറ്റത്. മൂന്നാം തോല്‍വിയോടെ 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: