പണം മുടക്കുന്നത് കേന്ദ്രം; തൊഴില്‍ നൈപുണ്യോത്സവം ഇടത് സര്‍ക്കാര്‍ സ്വന്തം പേരിലാക്കി

Friday 27 April 2018 3:06 am IST
20 ഇനം വിദഗ്ധതൊഴിലില്‍ യുവാക്കളുടെ നൈപുണ്യം കണ്ടെത്താന്‍ ജില്ലാതലത്തിലും മേഖലാതലത്തിലും മത്സരമുണ്ടായിരുന്നു. മേഖലാതലത്തില്‍ വിജയിച്ചവര്‍ക്കാണ് സംസ്ഥാനതല നൈപുണ്യോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യാ സ്‌കില്‍ മത്സരത്തില്‍ പങ്കെടുക്കാം.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഇടത് സര്‍ക്കാര്‍ സ്വന്തം പേരിലാക്കുന്നത് തുടരുന്നു. 2019ല്‍ റഷ്യയില്‍ നടക്കുന്ന ലോക തൊഴില്‍ നൈപുണ്യോത്സവത്തിന് മുന്നോടിയായുള്ള തൊഴില്‍ നൈപുണ്യോത്സവവും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പേരിലാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന നൈപുണ്യോത്സവത്തിന് കേന്ദ്രസര്‍ക്കാറാണ് പണം മുടക്കുന്നത്. എന്നാല്‍, ഒരിടത്തുപോലും കേന്ദ്രസര്‍ക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ പരാമര്‍ശിച്ചിട്ടില്ല. മറ്റുസംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുടെ ചിത്രം സഹിതം പരിപാടി സംഘടിപ്പിച്ചപ്പോഴാണ് സംസ്ഥാനത്തിന്റെ ഈ നടപടി. 

20 ഇനം വിദഗ്ധതൊഴിലില്‍ യുവാക്കളുടെ നൈപുണ്യം കണ്ടെത്താന്‍ ജില്ലാതലത്തിലും മേഖലാതലത്തിലും മത്സരമുണ്ടായിരുന്നു. മേഖലാതലത്തില്‍ വിജയിച്ചവര്‍ക്കാണ് സംസ്ഥാനതല നൈപുണ്യോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യാ സ്‌കില്‍ മത്സരത്തില്‍ പങ്കെടുക്കാം. രാജ്യത്ത് വിജയിച്ചാലാണ് റഷ്യയിലെ മത്സരത്തില്‍ പങ്കെടുക്കാനാവുക. സംസ്ഥാനതല നൈപുണ്യോത്സവവും മത്സരവും ഈ മാസം 28 മുതല്‍ എറണാകുളം മറൈന്‍ ഡ്രൈവിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍, 'ഇന്ത്യ സ്‌കില്‍സ് കേരള 2018' എന്ന് പേരിട്ടിരിക്കുന്ന തൊഴില്‍ നൈപുണ്യോത്സവത്തിന്റെ ക്രെഡിറ്റ് മുഴുവനും സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. 

ഇന്‍ഡസ്ട്രിയില്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐടിഡി), കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ)എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. 

സംസ്ഥാനതല മത്സരവിജയിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. കൂടാതെ 38 ലക്ഷം രൂപയുടെ മറ്റു സമ്മാനങ്ങളുമുണ്ട്. ഇതിനെല്ലാമുള്ള ഫണ്ട് കേന്ദ്രമാണ് അനുവദിക്കുന്നത്. ഭവന പദ്ധതികള്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങി കേന്ദ്രസര്‍ക്കാറിന്റെ ഒട്ടേറെ പദ്ധതികള്‍ സ്വന്തം പേരിലാക്കിയ ഇടത് സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യോത്സവവും സ്വന്തം പേരിലാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.