പണപ്പിരിവിന് കേരളഘടകം മാതൃകയെന്ന് സിപിഐ റിപ്പോര്‍ട്ട്

Friday 27 April 2018 3:23 am IST
കേരളഘടകത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന മൂടുപടം അണിഞ്ഞ് വിഭാഗീയത അര്‍ബുദംപോലെ പടരുകയാണ്. നേതാക്കളുടെ അഹംഭാവം, സ്ഥാനമോഹം, സ്വാര്‍ഥതാത്പര്യങ്ങള്‍, പരസ്പരവൈരം, അസൂയ, വിമര്‍ശനത്തോടുള്ള അസഹിഷ്ണുത എന്നിവ കാലങ്ങളായി തുടരുന്ന വിഭാഗീയത രൂക്ഷമാക്കുന്നു. പക്ഷങ്ങളായി തിരിഞ്ഞ് പോരടിക്കുന്ന നേതാക്കള്‍ ദ്വീപുകളായി നിലകൊള്ളുകയാണ്.

കൊല്ലം: പാര്‍ട്ടി കേരളഘടകത്തിനുള്ളില്‍ വിഭാഗീയത പടരുമ്പോള്‍ പണപ്പിരിവില്‍ സംസ്ഥാനം മാതൃകയാണെന്ന് വ്യക്തമാക്കി സിപിഐ കരട് സംഘടനാ റിപ്പോര്‍ട്ട്. സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സ്വയം വിമര്‍ശനവുമായി സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

പണപ്പിരിവിന്റെ കാര്യത്തില്‍ കേരള ഘടകം മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. വീടുവീടാന്തരം കയറിയുള്ള പണപ്പിരിവ് കേരളത്തില്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. മറ്റെല്ലാ പാര്‍ട്ടി കാര്യങ്ങളും മാറ്റിവച്ച് പണപ്പിരിവ് നടത്തുന്നതുകൊണ്ട് വിപ്ലവം വരാന്‍ വൈകുമെന്ന് കേരളഘടകം കരുതുന്നില്ല. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചുള്ള ജനത്തിന്റെ വിലയിരുത്തലിനെക്കുറിച്ചും കേരള ഘടകം നന്നായി മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരിക്കുന്ന റിപ്പോര്‍ട്ട് എങ്ങനെയൊക്കെ ഫണ്ട് പിരിവ് ഊര്‍ജിതപ്പെടുത്താമെന്നും കൂടുതല്‍ പണം പിരിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

കേരളഘടകത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന മൂടുപടം അണിഞ്ഞ് വിഭാഗീയത അര്‍ബുദംപോലെ പടരുകയാണ്. നേതാക്കളുടെ അഹംഭാവം, സ്ഥാനമോഹം, സ്വാര്‍ഥതാത്പര്യങ്ങള്‍, പരസ്പരവൈരം, അസൂയ, വിമര്‍ശനത്തോടുള്ള അസഹിഷ്ണുത എന്നിവ കാലങ്ങളായി തുടരുന്ന വിഭാഗീയത രൂക്ഷമാക്കുന്നു. പക്ഷങ്ങളായി തിരിഞ്ഞ് പോരടിക്കുന്ന നേതാക്കള്‍ ദ്വീപുകളായി നിലകൊള്ളുകയാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം മാത്രമാണെന്ന മൂടുപടം അണിയിച്ച് വിഭാഗീയതയെ നേതാക്കള്‍ സമര്‍ഥമായി സംരക്ഷിക്കുകയാണെന്നും സംഘടനാ വിഭാഗം സംയോജകന്‍ കെ. നാരായണ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

നേതാക്കളെ ചോദ്യംചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നു. പാര്‍ട്ടി നേതാക്കളും അണികളും സാമൂഹ്യഉത്തരവാദിത്വം മറക്കുന്നു. സ്ത്രീധനം വാങ്ങി വിവാഹം ചെയ്യുന്ന ഏര്‍പ്പാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തില്‍ വന്ന ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടുന്ന കരട് റിപ്പോര്‍ട്ട് വിശിഷ്യാ കേരളത്തിലെ നേതാക്കളെ ഉന്നം വച്ചുള്ളതാണെന്ന് വ്യക്തം.

ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള തന്ത്രം പാര്‍ട്ടിക്കില്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി പരിപാടികളില്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും മാത്രമല്ല ദേശീയനേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങള്‍ കൂടി നല്‍കണം. പാര്‍ട്ടിക്ക് ഭരണപങ്കാളിത്തമുള്ള കേരളത്തില്‍ ഭൂമി കയ്യേറ്റം സംബന്ധിച്ച് കേസുകളില്‍ നിരന്തരപരാജയം സംഭവിക്കുന്നത് നാണക്കേടുണ്ടാക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.