കെ.എം. ജോസഫിന്റെ നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കി

Friday 27 April 2018 3:45 am IST
സീനിയോറിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച് കൊളീജിയം ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സീനിയോറിറ്റി പട്ടികയില്‍ നാല്‍പ്പത്തി രണ്ടാമതാണ് ജസ്റ്റിസ് ജോസഫ്. പതിനൊന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ അദ്ദേഹത്തേക്കാള്‍ സീനിയറാണ്. എസ്‌സി, എസ്ടി പ്രാതിനിധ്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി ഉയര്‍ത്തുന്നത് ഉചിതമല്ല.

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കി. 

സീനിയോറിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച് കൊളീജിയം ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സീനിയോറിറ്റി പട്ടികയില്‍ നാല്‍പ്പത്തി രണ്ടാമതാണ് ജസ്റ്റിസ് ജോസഫ്. പതിനൊന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ അദ്ദേഹത്തേക്കാള്‍ സീനിയറാണ്. എസ്‌സി, എസ്ടി പ്രാതിനിധ്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി ഉയര്‍ത്തുന്നത് ഉചിതമല്ല.

മലയാളി ആയതിനാലാണ് തഴഞ്ഞതെന്ന ആരോപണത്തിനും രവിശങ്കര്‍ പ്രസാദ് വിശദീകരണം നല്‍കി. രാജ്യത്തെ മൂന്ന് ഹൈക്കോടതികളില്‍ മലയാളികളാണ് ചീഫ് ജസ്റ്റിസുമാര്‍. സുപ്രീംകോടതിയില്‍ കേരളത്തിന് ആവശ്യത്തിന് പ്രാതിനിധ്യമുണ്ട്. പ്രാതിനിധ്യമില്ലാത്ത ഏഴ് സംസ്ഥാനങ്ങളുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മാസം മുന്‍പാണ് കെ.എം. ജോസഫിനെയും ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ പേര് കേന്ദ്രം അംഗീകരിച്ചു. ചീഫ് ജസ്റ്റിസ്, മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് കൊളീജിയം. 

കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. തങ്ങള്‍ക്ക് താല്‍പര്യമുള്ള ജഡ്ജിമാരെ മാത്രം നിയമിക്കാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. ജസ്റ്റിസ് ജോസഫിന്റെ മതമാണോ സംസ്ഥാനമാണോ തടസ്സമെന്ന് പി. ചിദംബരം ചോദിച്ചു. ഭരണത്തിലിരിക്കുമ്പോല്‍ ജഡ്ജിമാരെ ഒതുക്കിയ കോണ്‍ഗ്രസ്സിന് വിഷയത്തില്‍ അഭിപ്രായം പറയാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. നീതിന്യായ സംവിധാനത്തെ അടിച്ചമര്‍ത്തിയ ചരിത്രമാണ് കോണ്‍ഗ്രസ്സിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിന് അധികാരമുണ്ട്: സുപ്രീംകോടതി

കൊളീജിയം ശുപാര്‍ശ തിരിച്ചയക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഭരണഘടനയും നിയമമേഖലയിലെ കീഴ്‌വഴക്കവും അനുസരിച്ച് വിഷയം പരിശോധിക്കുമെന്ന് ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരിയായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. 

സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. ബാര്‍ കൗണ്‍സിലിലെ ഒരംഗത്തിന്റെ നിയമനം സ്റ്റേ ചെയ്യാന്‍ ഒരു അഭിഭാഷക തന്നെ ആവശ്യപ്പെടുന്നത് ചിന്തിക്കാന്‍ പറ്റാത്തതും കേട്ടുകേള്‍വിയില്ലാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനം അംഗീകരിക്കണമെന്നാണ് ഭരണഘടനാപരമായ നടപടിക്രമങ്ങളും കീഴ് വഴക്കങ്ങളും ആവശ്യപ്പെടുന്നത്. ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം 35 പേരുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. അഞ്ച് പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചത് കാരണം ബാക്കി 30 പേരുടെയും നിയമനങ്ങള്‍ സ്റ്റേ ചെയ്യണമോയെന്നും ചോദിച്ച കോടതി തന്നിഷ്ടപ്രകാരമുള്ള നടപടിയാണെങ്കില്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.