കൊറിയന്‍ ഉച്ചകോടി തുടങ്ങി; ലോകം പ്രതീക്ഷയില്‍

Friday 27 April 2018 10:30 am IST

പ്യോങ്‌യാങ്: കൊറിയന്‍ ഭൂഖണ്ഡത്തില്‍ സമാധാന പ്രതീക്ഷ പകര്‍ന്ന് ഉത്തര-ദക്ഷിണകൊറിയന്‍ ഉച്ചകോടി തുടങ്ങി. ഇരുകൊറിയകള്‍ക്കുമിടയിലുള്ള സൈനിക സാന്നിധ്യമില്ലാത്ത മേഖലയായ പാന്‍മുന്‍ജോമില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നേതാക്കള്‍ പതിറ്റാണ്ടിനു ശേഷം ഒന്നിച്ചിരിക്കുന്നത്. 

ഉത്തര കൊറിയയില്‍നിന്ന് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘവും ദക്ഷിണ കൊറിയയില്‍നിന്ന് മൂണ്‍ ജെ. ഇന്‍ നയിക്കുന്ന നയതന്ത്രസംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

കൊറിയന്‍ യുദ്ധത്തിനു ശേഷം നടക്കുന്ന മൂന്നാമത്തെ ഉച്ചകോടിയാണിത്. 11 വര്‍ഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് കൊറിയന്‍ ഉപദ്വീപില്‍. എന്നാല്‍ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്.

പാന്‍മുന്‍ജോമില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. ആണവായുധം ഉപേക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്. 1950-53 ലെ കൊറിയന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയിലാണ്.

1953-ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയയുടെ മണ്ണില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാവുകയാണ് കിം ജോങ് ഉന്‍. ഇരുകൊറിയകളുടെ അതിര്‍ത്തിയിലെ സൈനികരഹിതമേഖലയില്‍ നടക്കുന്ന ഉത്തര-ദക്ഷിണ കൊറിയന്‍രാജ്യത്തലവന്മാരുടെ ഉച്ചകോടിയെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.