ടൂറിസം മേഖലയ്ക്ക് പരമാവധി സഹായം നല്‍കും: കേന്ദ്രമന്ത്രി

Saturday 28 April 2018 4:31 am IST

ആലപ്പുഴ: കേരളത്തിലെ വിനോദ സഞ്ചാര വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പരമാവധി സഹായങ്ങള്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കായല്‍ ടൂറിസം വികസനവും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജന്മഭൂമി  സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 12 ടൂറിസം കേന്ദ്രങ്ങളിലൊന്നായി കുമരകത്തെയും വേമ്പനാടുകായലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായമുള്‍പ്പെടെ ലഭ്യമാക്കും. 

കായല്‍ ടൂറിസം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കുളവാഴ നിര്‍മ്മാര്‍ജ്ജനത്തിന് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചാല്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. നടപടി ഉണ്ടാകുന്നില്ല, 

ഗതാഗതം, മത്സ്യബന്ധനം, ടൂറിസം എന്നിവ കായലുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കായല്‍സംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കണം. സംസ്ഥാനത്ത് നല്ല അക്വേറിയമില്ല. ഇതിനു പരിഹാരമായി പാതിരാമണലില്‍ അക്വേറിയം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി പ്രൊഫ. എന്‍. ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍, ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസുകുട്ടി ജോസഫ് എന്നിവര്‍ സംസാരിച്ചു. ബിജെപി ദക്ഷിണമേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ ഹൗസ്‌ബോട്ട് ടൂറിസത്തിന് തുടക്കം കുറിച്ച ടി.ജി. രഘുവിനെ കേന്ദ്രമന്ത്രി പൊന്നാട അണിയിച്ച്,  പുരസ്‌കാരം നല്‍കി ആദരിച്ചു. ജന്മഭൂമി കൊച്ചി യൂണിറ്റ് ഡവലപ്‌മെന്റ് മാനേജര്‍ രാജീവ് നാരായണന്‍ സ്വാഗതവും മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് വിഷ്ണു കെ. തിലക് നന്ദിയും പറഞ്ഞു.

കയര്‍ വ്യവസായത്തിന്റെ തകര്‍ച്ച ടൂറിസത്തിനുണ്ടാകരുത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.