കായല്‍ മലിനീകരണം രൂക്ഷം പരിഹാര നടപടികളില്ല

Friday 27 April 2018 11:45 am IST
വേമ്പനാട് കായലിലെ രൂക്ഷമായ മലിനീകരണത്തിന് പരിഹാരം കാണാന്‍ യാതൊരു നടപടിയുമില്ല. കുട്ടനാട്ടില്‍ ഒരോ കൃഷി സീസണും കഴിയുന്നതോടെ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലില്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. അനിയന്ത്രിതമായ ടൂറിസം വളര്‍ച്ചയും കായലിനെ മാലിന്യ കൂമ്പാരമാക്കി മാറ്റുന്നു

ആലപ്പുഴ: വേമ്പനാട് കായലിലെ രൂക്ഷമായ  മലിനീകരണത്തിന് പരിഹാരം കാണാന്‍ യാതൊരു നടപടിയുമില്ല. കുട്ടനാട്ടില്‍ ഒരോ കൃഷി സീസണും കഴിയുന്നതോടെ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലില്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. അനിയന്ത്രിതമായ ടൂറിസം വളര്‍ച്ചയും കായലിനെ മാലിന്യ കൂമ്പാരമാക്കി മാറ്റുന്നു. 

  ഇതോടെ ജലം പൂര്‍ണമായും ഉപയോഗ യോഗ്യമല്ലാതായി. കായലിന്റെ ആവാസ വ്യവസ്ഥ തന്നെ തകര്‍ക്കുന്ന മാരക ജൈവ മാലിന്യങ്ങളുടെ സാന്നിധ്യം വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

  ജലത്തില്‍ നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു. ഖനമൂലകങ്ങളായ ലെഡ്, കാഡ്മിയം, സിങ്ക് എന്നിവയുടെ തോതും ആശങ്ക ഉയര്‍ത്തുംവിധം വര്‍ദ്ധിച്ചു. പതിമ്മൂന്നുതരത്തിലുള്ള കീടനാശിനികളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.

  കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലീലിറ്ററില്‍ പതിനായിരത്തിലധികമായി ഉയര്‍ന്നതായി ഡോ. കെ.ജി. പത്മകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുകയും ചെയ്തിരുന്നു. കായലില്‍ അനുവദനീയമായതിലേറെ ജലയാനങ്ങള്‍ ഇപ്പോഴുണ്ട്. 

  ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ പുറന്തള്ളുന്ന മാലിന്യങ്ങളും മോട്ടോര്‍ ബോട്ടുകള്‍ ഓടുന്നതു മൂലമുള്ള ഡീസലും വലിയ തോതില്‍ കായലിന്റെ ഉപരിതലത്തില്‍ പടരുകയാണ്. 

  ജലഗതാഗത വകുപ്പിന്റെ ബോട്ടുകളില്‍നിന്ന് മനുഷ്യ വിസര്‍ജ്യങ്ങള്‍ കായലിലേക്ക് തള്ളുന്നതായി ആക്ഷേപമുണ്. അനധികൃത കൈയേറ്റവും കായലിനെ വീര്‍പ്പുമുട്ടിക്കുന്നു. 

  കായലിന്റെ പരപ്പില്‍ ഓയില്‍ പാട അടിഞ്ഞ നിലയിലാണ്. ഇതോടെ വെള്ളത്തില്‍ കുളിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. കായലോര വാസികള്‍ക്ക് നേത്ര, ത്വക്ക് രോഗങ്ങള്‍ പിടിപെടുന്നതും പതിവാണ്. ബോട്ടുകളില്‍നിന്നു പുറന്തള്ളുന്ന എണ്ണ കലര്‍ന്ന മാലിന്യം കടുത്ത പാരിസ്ഥിക പ്രശ്നമാണ് ഉയര്‍ത്തുന്നത്. 

  ഇത് കായല്‍ മത്സ്യങ്ങളുടെ പ്രജനനത്തിനും ഭീഷണിയായി. വേമ്പനാട്ട് കായലില്‍ മത്സ്യ സമ്പത്ത് കുറയുന്നതായും പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 

  ആറ്റു കൊഞ്ചിന്റെയും കക്കയുടെയും പ്രജനനത്തിന് സഹായകമായ ഓരുവെളളം ആവശ്യത്തിന് കടന്നുവരാത്തത് ഇവയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് വരുത്തിയിട്ടുളളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ആലപ്പുഴ നഗരത്തിലെ മാലിന്യങ്ങള്‍ വാടക്കനാലിലൂടെ വേമ്പനാട്ട് കായലിലേക്കാണ് ഒഴുകിയെത്തുന്നത്. 

  മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുളള കയര്‍,ചകിരി ഫാക്ടറികളില്‍ നിന്നുളള മാലിന്യക്കുഴലുകളും കായലിലേക്കാണ് തുറന്നുവെച്ചിരിക്കുന്നത്. 

ടൂറിസം സെമിനാര്‍ നാളെ; സാദ്ധ്യതകളും വെല്ലുവിളികളും സജീവ ചര്‍ച്ചയാകും

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.