വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമള്‍

Friday 27 April 2018 1:13 pm IST
സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കുമെന്ന ഭീഷണിയുമായി സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിര്‍ത്തലാക്കുമെന്ന് സ്വകാര്യ ബസ്സുടമകള്‍. കണ്‍സെഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

ഇന്ധന വര്‍ദ്ധനവിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്നും സംഘടന വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെങ്കില്‍ പണം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്നാവശ്യപ്പെട്ട് മെയ് 8, 9 തീയതികളില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. കൊച്ചിയില്‍ ചേര്‍ന്ന ഒരു വിഭാഗം ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. 

ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥ്, നൗഷാദ് ആറ്റുപറമ്പത്ത്, ആര്‍. പ്രസാദ്, പി.കെ. മൂസ, എന്‍. വിദ്യാധരന്‍, പ്രദീപ് എന്നിവര്‍ പങ്കെടുത്തു. അതേസമയം ഒരുവിഭാഗം ബസ്സുടമകള്‍ പുതിയ തീരുമാനം അംഗീകരിച്ചിട്ടില്ല. 

അംഗീകരിക്കില്ലെന്ന് എബിവിപി

കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ലെന്ന സ്വകാര്യ ബസ്സുടമകളുടെ നിലപാട് അംഗീകരിക്കില്ലെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളാണ് ബസ്സുകളെ ആശ്രയിക്കുന്നത്. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത് കീശ നിറയ്ക്കാമെന്നത് സ്വകാര്യ ബസ് മുതലാളിമാരുടെ അപക്വമായ നിലപാടാണ്. ഇത് അനുവദിച്ചാല്‍ സര്‍ക്കാരും സ്വകാര്യ ബസ് മുതലാളിമാരും വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ശ്യാം രാജ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.