സിപിഐ ഒരു വൃദ്ധസദനം; നേതൃത്വം മാറണം

Saturday 28 April 2018 2:35 am IST

കൊല്ലം: നേതൃമാറ്റം ആവശ്യപ്പെട്ട് സിപിഐയില്‍ കലാപം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സമ്പൂര്‍ണ തലമുറമാറ്റം ആവശ്യപ്പെട്ട്  കേരളത്തില്‍ നിന്നുള്ള വി.എസ്. സുനില്‍കുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരടക്കം ഒരു വിഭാഗം നേതൃമാറ്റം ആവശ്യപ്പെട്ടത്. കേന്ദ്രനേതൃത്വം കാലഹരണപ്പെട്ടതാണെന്നും ദല്‍ഹിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍ വൃദ്ധസദനമാണെന്നും പ്രതിനിധികള്‍ പരിഹസിച്ചു. രാഷ്ട്രീയപ്രമേയത്തിന്മേലും കരട് സംഘടനാ റിപ്പോര്‍ട്ടിന്മേലുമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് വിമര്‍ശനമുന്നയിച്ചത്.

കേന്ദ്രനേതൃത്വം പിരിച്ചുവിട്ട് പകരം യുവാക്കളെ കൊണ്ടുവരണമെന്ന്  സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രനേതൃത്വം പ്രേതാലയമാണെന്നായിരുന്നു രാജാജി മാത്യു തോമസിന്റെ ആക്ഷേപം. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയും നേതാക്കള്‍ കൊമ്പുകോര്‍ത്തു. കോണ്‍ഗ്രസ് ബന്ധം മറയില്ലാതെ തുറന്നുപറയണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ആര്‍. ലതാദേവി അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിനെക്കാള്‍ ഇടത്‌ഐക്യം ശക്തിപ്പെടുത്തണമെന്ന് വാദിച്ചു.

ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയണമെന്നും ആവശ്യമുയര്‍ന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റെഡ്ഡിക്ക് കാര്യപ്രാപ്തിയില്ലെന്ന ആരോപണമാണ് പ്രധാനം. പകരം ആര് എന്ന ചോദ്യമാണ് എതിര്‍ക്കുന്നവരെയും കുഴയ്ക്കുന്നത്. ദേശീയസെക്രട്ടറി ഡി. രാജയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ കേരളത്തിലെ ഔദ്യോഗികപക്ഷം ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹവും ഭാര്യ ആനി രാജയും കേരളത്തിലെ വിമതപക്ഷത്തോടൊപ്പമാണെന്ന് ഔദ്യോഗികപക്ഷം ആരോപിക്കുന്നു. 

ശാരീരിക അവശതയുള്ള ഗുരുദാസ് ദാസ് ഗുപ്തയ്ക്ക് പകരം അതുല്‍കുമാര്‍ അഞ്ജാനോ അമര്‍ജിത് കൗറോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാകണമെന്നും കേരളത്തിലെ ഔദ്യോഗികപക്ഷം നിര്‍ദ്ദേശിക്കുന്നു. 

കേഡര്‍ സംവിധാനം ദുര്‍ബലമായെന്ന് കരട് സംഘടനാറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് ശക്തമായിരിക്കുന്നത്. 60 കഴിഞ്ഞവരെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുത്. നിലവില്‍ 75 പിന്നിട്ടവരെ പുറത്താക്കാന്‍ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.