വിമാനത്തകരാര്‍: കോണ്‍ഗ്രസ് പരാതി നല്‍കി

Saturday 28 April 2018 3:00 am IST

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക പോലീസില്‍ പരാതി നല്‍കി. രാഹുല്‍ ഗാന്ധിക്കൊപ്പം സഹയാത്രികനായ കൗശല്‍ കെ. വിദ്യാര്‍ഥി എന്നയാളും പരാതി നല്‍കിയിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സാക്കിര്‍ സനാദി ഹുബ്ലി ഗോകുല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പലതവണ കറങ്ങുകയും ശക്തമായി താഴേക്ക് ഉലയുകയും  ചെയ്‌തെന്നാണ് കോണ്‍ഗ്രസ്  പരാതിയില്‍ പറയുന്നത്. ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഹുബ്ലിയില്‍ ഇറക്കാന്‍ സാധിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥ വളരെ ശാന്തമായിരുന്നെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിമാനത്തിന് തകരാര്‍ സംഭവിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക ഐജി ഡി.ജി. നീലമണി രാജു അറിയിച്ചു. സംഭവത്തില്‍ പൈലറ്റുമാരെ ചോദ്യം ചെയ്തുവരികയാണ്. പത്തു സീറ്റുള്ള വിമാനം ലിഗര്‍ ഏവിയേഷന്‍ ലിമിറ്റഡിന്റേതാണെങ്കിലും വ്യാഴാഴ്ച ദല്‍ഹി കേന്ദ്രീകരിച്ചുള്ള ചാര്‍ട്ടേഡ് കമ്പനിയാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. രണ്ട് എഞ്ചിനുകളുള്ള വിമാനം 9.20നാണ് ദല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നത്. 41,000 അടി മുകളിലെത്തിയതോടെയാണ് ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായത്. അതേസമയം സന്ദര്‍ഭത്തെ സമയോചിതമായി ഇടപെട്ട പൈലറ്റിന് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു.

സംഭവം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ചൈനയില്‍ എത്തിയതിന് പിന്നാലെയാണ് മോദി രാഹുലിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.സാങ്കേതിക തകരാര്‍ സംഭവിച്ച വിവരം വൈകിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തുവിടുംവരെ ആരും അറിഞ്ഞിരുന്നില്ല. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.