കത്വ പീഡനം: വിചാരണയ്ക്ക് താല്‍ക്കാലിക സ്റ്റേ

Saturday 28 April 2018 3:03 am IST

ന്യൂദല്‍ഹി: കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസിന്റെ വിചാരണ പഞ്ചാബിലെ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിചാരണ താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. 

കേസ് മേയ് ഏഴിനു വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ നീതിപൂര്‍വമല്ലെങ്കില്‍ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായതിനെ തുടര്‍ന്നാണ് കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. 

അതേസമയം കേസിലെ രണ്ടു പ്രതികളും സിബിഐ അന്വേഷണം വേണമെന്നും ജമ്മുവില്‍ തന്നെ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് കേസില്‍ ഏഴുപേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കിയിരുന്നു. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കായി പ്രത്യേകം കുറ്റപത്രവും ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സംസ്ഥാനത്ത് പ്രത്യേക കോടതി തയ്യാറാക്കി വിചാരണ നടത്തണമെന്നാണ് ജമ്മു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു കത്വയില്‍ എട്ട് വയസുകാരിയെ കാണാതാകുന്നത്. ബക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ നിലയില്‍ ജനുവരി 17 കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.